10 June, 2024 07:07:25 PM


'രാഹുലേട്ടന്‍ മര്‍ദിച്ചിട്ടില്ല, ബെല്‍റ്റ് കൊണ്ട് അടിച്ചിട്ടില്ല, പറഞ്ഞത് നുണ'; പന്തീരാങ്കാവ് കേസില്‍ ട്വിസ്റ്റ്



കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ വഴിത്തിരിവ്. നിര്‍ണായക വെളിപ്പെടുത്തലുമായി യുവതി. രാഹുല്‍ നിരപരാധിയാണെന്നും തന്നെ മര്‍ദിച്ചിട്ടില്ലെന്നും ഉന്നയിച്ചത് വ്യാജ ആരോപണമാണെന്നും യുവതി വീഡിയോയില്‍ പറഞ്ഞു.


'കുറച്ചുനാളുകളായി പൊലീസിന്റെയും മാധ്യമങ്ങളുടെയും മുന്നില്‍ കുറെ അധികം നുണകള്‍ പറയേണ്ടി വന്നിട്ടുണ്ട്. തന്നെ അത്രയധികം സ്‌നേഹിച്ച, ഇഷ്ടപ്പെട്ട ഭര്‍ത്താവ് രാഹുലേട്ടനെ കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് അത്രയേറെ മോശമായി പറയാന്‍ പാടില്ലായിരുന്നു. ആവശ്യമില്ലാത്ത വ്യാജ ആരോപണങ്ങള്‍ രാഹുലേട്ടന്റെ തലയില്‍ വയ്ക്കുകയായിരുന്നു. അത് തന്റെ മാത്രം തെറ്റാണെന്നും യുവതി വീഡിയോയില്‍ പറഞ്ഞു.

പലപ്പോഴും കുടുംബാംഗങ്ങള്‍ പറഞ്ഞിട്ടാണ് അങ്ങനെ പറഞ്ഞത്. നുണപറയാന്‍ തനിക്ക് താത്പര്യമില്ലായിരുന്നു. സ്ത്രീധനത്തിന്റെ പേരിലാണ് മര്‍ദിച്ചെന്ന് പറയാന്‍ വീട്ടുകാര്‍ പറഞ്ഞു. രാഹുലേട്ടന്‍ ബെല്‍റ്റ് കൊണ്ട് അടിച്ചിട്ടില്ലെന്നും മൊബൈല്‍ കേബിള്‍ കഴുത്തില്‍ കുരുക്കിയിട്ടില്ലെന്നും യുവതി പറഞ്ഞു.

ആരുടെ കുടെ നില്‍ക്കണമെന്ന് അന്ന് തനിക്ക് അറിയില്ലായിരുന്നു. അന്ന് വീട്ടുകാര്‍ക്കൊപ്പം നില്‍ക്കാനാണ് തോന്നിയത്. അതുകൊണ്ട് മനസില്ലാ മനസോടെ രാഹുലേട്ടനെ കുറിച്ച് കുറെയധികം നുണപറഞ്ഞു. രാഹുല്‍എട്ടനെ താന്‍ വല്ലാതെ മിസ് ചെയ്യുന്നു, നേരത്തെ ഒരു വിവാഹം കഴിച്ച കാര്യം തന്നോട് പറഞ്ഞിരുന്നു. ഡിവോഴ്‌സ് കാര്യങ്ങള്‍ വിവാഹമാകുമ്പോഴെക്കും കഴിയുമെന്നാണ് പറഞ്ഞത്. എന്നാല്‍ അതു നടന്നില്ല. തന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് രാഹുലേട്ടന്‍ കല്യാണം കഴിച്ചത്. നേരത്തെ വിവാഹം കഴിച്ചകാര്യം വീട്ടുകാരോട് പറയണമെന്ന് പറഞ്ഞെങ്കിലും അത് വിവാഹം മുടങ്ങുമെന്ന് കരുതി താന്‍ മറച്ചുവയ്ക്കുകയായിരുന്നു.

150 പവനും കാറും ചോദിച്ചെന്ന ആരോപണം തെറ്റാണ്. വിവാഹമോതിരവും വസ്ത്രങ്ങളും വിവാഹത്തിന്റെ ഏറെക്കുറെ ചെലവും വഹിച്ചത് രാഹുല്‍ തന്നെയാണ്. രാഹുല്‍ തന്നെ മര്‍ദിച്ചു എന്നത് ശരിയാണ്. അതൊരു ചെറിയ തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ്. രണ്ടുപ്രാവശ്യമാണ് തല്ലിയത്. തുടര്‍ന്ന് താന്‍ കരഞ്ഞ് ബാത്ത്റൂമില്‍ പോയപ്പോള്‍ അവിടെ വീണു. അങ്ങനെയാണ് പരിക്ക് പറ്റിയതെന്നും യുവതി വെളിപ്പെടുത്തി. ഇക്കാര്യം ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ഡോക്ടറോട് പറയുകയും ചികിത്സയ്ക്ക് ശേഷമാണ് തിരികെ വീട്ടിലേക്ക് വരികയും ചെയ്തത്.

തന്റെ ഭാഗത്തുനിന്ന് വന്ന തെറ്റ് സംസാരിച്ചു രണ്ടുപേരും കോംപ്രമൈസ് ചെയ്തു. മാട്രിമോണി അക്കൗണ്ടില്‍ പരിചയപ്പെട്ട ഒരാളുടെ ഫോണ്‍ കോളുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. ഇത് കണ്ട തെറ്റിദ്ധാരണയിലാണ് രാഹുലുമായി തര്‍ക്കം ഉണ്ടായത.് കേസിന് ബലം കിട്ടാന്‍ വേണ്ടിയാണ് വക്കീല്‍ പറഞ്ഞത് അനുസരിച്ച് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചത്.

രാഹുലിന്റെ വീട്ടില്‍നിന്ന് പോകാന്‍ താല്പര്യമുണ്ടായിരുന്നില്ല. പോലീസ് സ്റ്റേഷനിലും ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍, രാഹുലിന്റെ കൂടെ പോയാല്‍ രക്ഷിതാക്കള്‍ പിന്നെ ഉണ്ടാവില്ലെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെയാണ് സ്വന്തം വീട്ടിലേക്ക് പോയതെന്നും യുവതി വിശദീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K