14 June, 2024 04:17:27 PM


ഉത്തരാഖണ്ഡില്‍ വന്യജീവി സങ്കേതത്തിൽ കാട്ടുതീ; നാല് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം



ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിലെ സിവിൽ സോയം ഫോറസ്റ്റ് ഡിവിഷൻ്റെ കീഴിലുള്ള ബിൻസാർ വന്യജീവി സങ്കേതത്തിലുണ്ടായ തീപിടിത്തത്തിൽ നാല് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം. തീ അണയ്ക്കുന്നതിനിടെയാണ് ഇവർ കൊല്ലപ്പെട്ടത്. നാല് പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ബിൻസാർ റേഞ്ച് ഫോറസ്റ്റ് ബീറ്റ് ഓഫീസർ ത്രിലോക് സിംഗ് മേത്ത, ഫയർ വാച്ചർ കരൺ ആര്യ, പ്രവിശ്യാ ആംഡ് കോൺസ്റ്റാബുലറി ജവാൻ പുരൺ സിംഗ്, ദിവസ വേതന തൊഴിലാളി ദിവാൻ റാം എന്നിവരാണ് കൊല്ലപ്പെട്ടത്.

തീ അണയ്ക്കുന്നതിനായി വനത്തിലേക്ക് പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ജീപ്പിനും തീപിടിക്കുകയായിരുന്നു. ജീപ്പില്‍ നിന്ന് ചാടാൻ ശ്രമിക്കുന്നതിന് മുമ്പ് തന്നെ തീ ആളിപ്പടരുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന മറ്റു നാലുപേര്‍ക്കാണ് പരിക്കേറ്റത്. മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപയുടെ സഹായധനം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചു. സാധ്യമായ എല്ലാ സഹായവും നൽകാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൂടും വരണ്ട കാലാവസ്ഥയും മൂലമാണ് ഉത്തരാഖണ്ഡിൽ കാട്ടുതീ പടരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K