15 June, 2024 12:25:22 PM


ലൂര്‍ദ് മാതാ പള്ളിയില്‍ മാതാവിനു സ്വര്‍ണക്കൊന്ത സമര്‍പ്പിച്ച് സുരേഷ് ഗോപി



തൃശൂര്‍: ലൂര്‍ദ് മാതാ പള്ളിയില്‍ മാതാവിനു സ്വര്‍ണക്കൊന്ത സമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ലോക്‌സഭ തിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം ആദ്യമായാണ് അദ്ദേഹം ഇവിടെയെത്തുന്നത്. ലൂർദ് മാതാവിന്റെ ദേവാലയത്തിൽ ഭക്തി​ഗാനം ആലപിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി. 'നന്ദിയാൽ പാടുന്നു ദൈവമേ' എന്ന ​ഭക്തി​ഗാനം ആലപിച്ച ശേഷം കുരിശ് വരച്ച് പ്രാർത്ഥിച്ചു. ശേഷം ലൂർദ് മാതാവിന് സ്വർണ്ണ കൊന്ത സമർപ്പിച്ചു. സുരേഷ് ഗോപി തന്നെയാണ് മാതാവിന് കൊന്ത അണിയിച്ചത്.

പാർട്ടി പ്രവർത്തകരുടെയും, പള്ളിയിലെ മുഴുവൻ ആളുകളുടെയും സാന്നിധ്യത്തിലായിരുന്നു കൊന്ത അണിയിച്ചത്. അല്‍പസമയം പള്ളിയില്‍ ചെലവഴിച്ചശേഷം അദ്ദേഹം മടങ്ങി. വിജയത്തിനുള്ള നന്ദി ഹൃദയത്തിലാണെന്നും അത് ഉല്‍പനങ്ങളിലില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ഭക്തിപരമായ നിര്‍വ്വഹണത്തിന്റെ മുദ്രകള്‍ മാത്രമാണ് ഇത്. മുന്‍പ്, കുടുംബവുമായാണല്ലോ പള്ളിയില്‍ എത്തിയതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, അതു ഓര്‍മിപ്പിക്കേണ്ട എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മുന്നോടിയായി കുടുംബ സമേതം പള്ളിയിലെത്തി ലൂര്‍ദ് മാതാവിനു സ്വര്‍ണകിരീടം സമര്‍പ്പിച്ചിരുന്നു. ഇതു പിന്നീട് വിവാദത്തിനു കാരണമായി. സ്വര്‍ണക്കിരീടം എന്ന പേരില്‍ ചെമ്പില്‍ സ്വര്‍ണം പൂശി നല്‍കിയെന്ന ആക്ഷേപം സമൂഹമാധ്യമങ്ങളിലടക്കം വലിയതോതില്‍ പ്രചരിച്ചതോടെയാണ് വിവാദമുയര്‍ന്നത്. ഇതിനെതിരെ ശക്തമായ ഭാഷയില്‍ സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിനു 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ച നല്‍കുമെന്നും അദ്ദേഹം അന്നു പറഞ്ഞിരുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K