16 June, 2024 11:57:59 AM


സംസ്ഥാനത്തെ ആദ്യത്തെ എഐ തട്ടിപ്പ് കേസ്; പ്രധാന പ്രതി പിടിയിൽ



തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ എഐ തട്ടിപ്പ് കേസിലെ പ്രധാന പ്രതി പിടിയിൽ. കേസിലെ ഒന്നാം പ്രതി മുഹമ്മദലി തെലങ്കാനയിൽ നിന്നാണ് പിടിയിലായത്. തട്ടിപ്പിനായി ഉപയോഗിച്ച ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ കോഴിക്കോട് സിറ്റി സൈബര്‍ പൊലീസാണ് പിടികൂടിയത്. 2023 ജൂലൈയിൽ കോഴിക്കോട് പാലാഴി സ്വദേശി പി എസ് രാധാകൃഷ്ണനിൽ നിന്നും 40,000 രൂപ തട്ടിയെടുത്തു എന്നാണ് കേസ്. കേസിൽ ഗുജറാത്ത്‌, മുംബൈ, താനെ സ്വദേശികളായ രണ്ടു പേരെ പൊലീസ് പിടികൂടിയിരുന്നു.

അതേസമയം തട്ടിയെടുത്ത പണം പി എസ് രാധാകൃഷ്ണന് തിരികെ ലഭിച്ചു. നഷ്ടപ്പെട്ട പണം തിരികെ നല്‍കണമെന്ന് രാധാകൃഷ്ണന്റെ കേസില്‍ കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പണം ക്രെഡിറ്റ് ആയതായി രാധാകൃഷ്ണന് സന്ദേശം ലഭിച്ചത്. ഇയാളുടെ സുഹൃത്തിന്റെ വീഡിയോ വ്യാജമായി എഐയിലൂടെ സൃഷ്ടിച്ചാണ് രാധാകൃഷ്ണനിൽ നിന്നും സംഘം പണം തട്ടിയത്. 

തട്ടിപ്പ് മനസിലായതിന് പിന്നാലെ രാധാകൃഷ്ണൻ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. സമാനമായ രീതിയില്‍ പലരില്‍ നിന്നായി സംഘം പണം തട്ടിയതായി പൊലീസ് കണ്ടെത്തി. പ്രതികളുടെ അക്കൗണ്ട് നേരത്തെ തന്നെ പൊലീസ് മരവിപ്പിച്ചിരുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K