17 June, 2024 01:27:05 PM
പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വയനാട് സ്വദേശിക്ക് നഷ്ടമായത് വന്‍ തുക
കല്‍പ്പറ്റ: ഓണ്‍ലൈനില്‍ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് വയനാട് സ്വദേശിയുടെ പണം തട്ടിയെടുത്തു. തരുവണ സ്വദേശിയാണ് തട്ടിപ്പിനിരയായത്. 11,14,245 രൂപ ഇയാള്‍ക്ക് നഷ്ടപ്പെട്ടതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ടെലഗ്രാമില്‍ ഒരു വ്യക്തി അയച്ച സന്ദേശത്തില്‍ നിന്നാണ് തട്ടിപ്പിന്റെ തുടക്കം. ബിസിനസ് അക്കൗണ്ട് ഓപ്പണ്‍ ചെയ്ത് ലാഭമുണ്ടാക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഓരോ ഘട്ടങ്ങളില്‍ ഓരോ ടാസ്‌ക് നല്‍കി ചെറിയ ലാഭം നല്‍കി കൂടുതല്‍ തുക നിക്ഷേപിക്കാന്‍ ഇരയെ പ്രേരിപ്പിച്ചു. പിന്നീട് ഘട്ടം ഘട്ടമായി വലിയ തുക തട്ടിയെടുക്കുകയായിരുന്നു. തരുവണ സ്വദേശിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ഓണ്‍ലൈന്‍ ട്രേഡിംഗില്‍ വന്‍തുക വാഗ്ദാനം ചെയ്ത് വൈത്തിരി സ്വദേശിയിയില്‍ നിന്ന് ആറര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയും പൊലീസിന് മുമ്പിലെത്തിയിരുന്നു. അതേസമയം വ്യാപകമായി വല വിരിച്ച് കെണിയൊരുക്കിയിരിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ കെണിയില്‍പ്പെടരുതെന്ന് വയനാട് സൈബര്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. തട്ടിപ്പിനിരയായെന്ന് ബോധ്യപ്പെട്ടാല്‍ സമയം വൈകാതെ തന്നെ അതത് സ്റ്റേഷനുകളില്‍ പരാതി നല്‍കണമെന്നും അധികൃതര്‍ അറിയിച്ചു.