17 June, 2024 04:03:23 PM


കാഞ്ചന്‍ജംഗ എക്സ്പ്രസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് റെയില്‍വേ



ന്യൂഡല്‍ഹി: കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ട്രെയിനില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2.5 ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കും. 

അപകടത്തില്‍ മരണ സംഖ്യ 15 ആയി ഉയര്‍ന്നിരിക്കുകയാണ്. 60 പേര്‍ക്ക് പരിക്കേറ്റതായാണ് നിലവില്‍ ലഭിക്കുന്ന വിവരം. ലോക്കൊ പൈലറ്റും സഹ പൈലറ്റും അപകടത്തില്‍ മരിച്ചു. ഡാര്‍ജിലിങ് ജില്ലയിലെ ഫാന്‍സിഡെവ മേഖലയിലാണ് അപകടം നടന്നത്. രംഗപാണി സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. മൂന്ന് ബോഗികള്‍ പാളം തെറ്റി. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി റെയില്‍വേ അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തിനും വൈദ്യസഹായത്തിനുമായി ഡിഎം, എസ്പി, ഡോക്ടര്‍മാര്‍, ആംബുലന്‍സുകള്‍, ദുരന്തനിവാരണ സംഘങ്ങള്‍ എന്നിവര്‍ സംഭവസ്ഥലത്ത് ഉടന്‍ തന്നെ എത്തിയിരുന്നു. സംഭവം ഞെട്ടിക്കുന്നതെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി എക്സിലൂടെ പ്രതികരിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K