18 June, 2024 11:47:29 AM
'ടച്ചിങ്സി'നെ ചൊല്ലി തർക്കം: ബാറിനു മുന്നിൽ കൂട്ടയടി; ഹെൽമറ്റു കൊണ്ട് തലയടിച്ചു പൊട്ടിച്ചു
പത്തനംതിട്ട: മദ്യപാനത്തിനിടെ 'ടച്ചിങ്സി'നെ ചൊല്ലിയുള്ള തർക്കം കൂട്ടയടിയിൽ കലാശിച്ചു. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ അമല ബാറിന് പുറത്താണ് കൂട്ടയടി നടന്നത്. മൂന്നംഗങ്ങളുൾപ്പെടുന്ന രണ്ട് സംഘങ്ങൾ തമ്മിലായിരുന്നു തർക്കം. ഇന്നലെ രാത്രി 9.15-നായിരുന്നു സംഭവം.
പത്തനംതിട്ട സ്വദേശികളായ ഷൈജു, അരുൺ, ശ്യാം എന്നിവര്‍ക്കാണ് ക്രൂരമർദനമേറ്റത്. നന്നുവക്കാട് സ്വദേശികളായ ഷിജു പി. ജോസ്, അഭിലാഷ്, ഷിബു എന്നിവർ ചേർന്നാണ് ഇവരെ മർദിച്ചത്. മേശ മാറി ടച്ചിങ്സ് എടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൂട്ടയടിയിലേക്ക് നയിച്ചത്. ബാറിനുള്ളിൽ സംഘം അടിയുണ്ടാക്കിയതോടെ ജീവനക്കാർ ഇടപെട്ട് ഇവരെ പുറത്താക്കുകയായിരുന്നു. തുടർന്നാണ് ബാറിന് പുറത്തുവെച്ച് ഇവർ പരസ്പരം ഏറ്റുമുട്ടിയത്.
ഹെൽമറ്റ് ഉപയോഗിച്ച് യുവാക്കളെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മർദനമേറ്റ് രണ്ട് യുവാക്കൾ ബോധരഹിതരായി നിലത്തുവീണു. ഹെൽമറ്റ് ഉപയോഗിച്ചുള്ള അടിയേറ്റ ഒരാളുടെ തലയ്ക്ക് പൊട്ടലുണ്ട്.