25 December, 2023 09:10:06 AM


മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; 4 പേർ പൊലീസ് കസ്റ്റഡിയിൽ



തിരുവനന്തപുരം: മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. ക്രിസ്തുമസ് ആഘോഷങ്ങൾക്കിടെ അർദ്ധരാത്രി 12.30നായിരുന്നു സംഘർഷം. സംഭവത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു.

രണ്ടാഴ്ച മുമ്പും തിരുവനന്തപുരം മാനവീയം വീഥിയിൽ സംഘർഷം ഉണ്ടായിരുന്നു. അന്ന് നാല് പേരെയാണ് മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തത്. സിഗററ്റിൻ്റെ പുക മുഖത്തേയ്ക്ക് ഊതി വിട്ടതുമായി ബന്ധപ്പെട്ട് നടന്ന തർക്കം കൂട്ടയടിയിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസിന് പരാതിയൊന്നും ലഭിച്ചിരുന്നില്ല.

മാനവീയം നൈറ്റ് ലൈഫ് ആരംഭിച്ചതുമുതൽ സംഘർഷങ്ങൾ പതിവായിരുന്നു. ഇത് കണക്കിലെടുത്ത് പൊലീസ് കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. മൈക്ക് ഉപയോഗം പത്ത് മണിയാക്കുകയും റോഡിന് രണ്ടുവശത്തും ബാരിക്കേഡ് വെച്ച് നിയന്ത്രിക്കുകയും ചെയ്തിരുന്നു. കലാകാരന്മാരുടെ കൂട്ടായ്മ നഗരസഭയ്ക്ക് നൽകിയ പരാതിയിന്മേൽ നിയന്ത്രണങ്ങൾ കുറയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും സംഘർഷം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K