19 June, 2024 12:33:18 PM
ഐസ്‌ക്രീമില്‍ കണ്ട വിരല്‍ ഫാക്ടറി ജീവനക്കാരന്‍റേത്? സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന
മുംബൈ: മുംബൈയില്‍ ഐസ്‌ക്രീമില്‍ വിരല്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഐസ്‌ക്രീം നിര്‍മിച്ച ഫാക്ടറിയിലെ ജീവനക്കാരന്റെ വിരലാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം. ഐസ്‌ക്രീം നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തിലാണ് ജീവനക്കാരന് വിരല്‍ നഷ്ടപ്പെട്ടതെന്നും ഐസ്‌ക്രീം പാക്ക് ചെയ്ത അതേദിവസമാണ് ഇത് സംഭവിച്ചതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
എന്നാല്‍ വിരല്‍ ജീവനക്കാരന്റേത് തന്നെയാണോയെന്ന് ഡിഎന്‍എ. പരിശോധനയിലൂടെ മാത്രമേ സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്നും പൊലീസ് പറഞ്ഞു. ഇതിനായി സാമ്പിളുകള്‍ ലാബിലേക്ക് അയച്ചു. പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ തുടര്‍നടപടികളുണ്ടാകൂ.
മുംബൈയിലെ ഓര്‍ലം ബ്രാന്‍ഡണ്‍ എന്ന ഡോക്ടര്‍ക്കാണ് ഗ്രോസറി ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ നിന്ന് വിരല്‍ ലഭിച്ചത്. ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ വായില്‍ എന്തോ തടഞ്ഞതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ വിരലിന്റെ കഷണം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മലാഡ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ഐസ്‌ക്രീം കമ്പനിയുടെ ലൈസന്‍സ് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്സ് ഓഫ് ഇന്ത്യ ( എഫ്എസ്എസ്എഐ) സസ്പെന്‍ഡ് ചെയ്തിരുന്നു. ഐസ്‌ക്രീം കമ്പനിയായ യമ്മോയ്ക്കെതിരെ പൊലീസ് കേസുടുത്തിട്ടുണ്ട്.