21 June, 2024 09:04:00 AM


കള്ളക്കുറിച്ചി വിഷ മദ്യദുരന്തം; മുഖ്യപ്രതി ചിന്നദുരൈ പിടിയിൽ



ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചി വ്യാജമദ്യദുരന്തവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ചിന്നദുരൈ അറസ്റ്റിൽ. നൂറിനടുത്ത് വ്യാജമദ്യ കേസുകളിൽ പ്രതിയാണ് ചിന്നദുരൈയെന്ന് തമിഴ്നാട് പൊലീസ് പറഞ്ഞു. കടലൂരിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗോവിന്ദരാജ്, ദാമോദരൻ, വിജയ എന്നിവർ നേരത്തെ പിടിയിലായിരുന്നു. കള്ളക്കുറിച്ചിയിൽ വ്യാജമദ്യദുരന്തത്തിലെ മരണസംഖ്യ 50 ആയി ഉയർന്നു.

വ്യാജമദ്യ നിർമാണവുമായി ബന്ധപ്പെട്ട് നൂറിലധികം കേസുകളുള്ള ഒരാൾ എങ്ങനെ ജയിലിന് പുറത്തിറങ്ങി കുറ്റകൃത്യങ്ങൾ തുടരുന്നു എന്നത് ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബം ഇന്നലെ തന്നെ ചിന്നദുരൈയുടെ അറസ്റ്റ് ആവശ്യപ്പെട്ടിരുന്നു.

സംഭവത്തിൽ രാജ്ഭവൻ നടപടി ആരംഭിച്ചു. ചീഫ് സെക്രട്ടറിയോട് ഗവർണർ റിപ്പോർട്ട് തേടിയിരുന്നു. വിഷമദ്യ ദുരന്തത്തിൽ സർക്കാർ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ഇന്ന് തുടങ്ങും. ഇതിനിടെ ഫോറൻസിക് പരിശോധനയിൽ മദ്യത്തിൽ മെഥനോളിന്റെ അംശം തിരിച്ചറിഞ്ഞു.

ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം. വ്യാജ മദ്യ ദുരന്തത്തിന് പിന്നാലെ ജില്ലാ കലക്ടർ ശ്രാവൺ കുമാറിനെ സ്ഥലം മാറ്റി. കൂടാതെ ജില്ലാ പൊലീസ് മേധാവിക്കെതിരെയും നടപടിയെടുത്തു. എസ്പി സമയ്‌സിങ് മീനയെ സസ്‌പെൻഡ് ചെയ്തു. പൊലീസ് ലഹരിവിരുദ്ധ വിഭാഗത്തിലെ ഡെപ്യൂട്ടി സൂപ്രണ്ടടക്കം മുഴുവൻ ഉദ്യോഗസ്ഥരെയും താൽക്കാലികമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K