26 December, 2023 09:53:35 AM
നെയ്യാറ്റിന്‍കരയില്‍ നടപ്പാലം തകർന്നുണ്ടായ അപകടത്തെ ചൊല്ലി രാഷ്ട്രീയ പോര്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ തിരുപുറം പഞ്ചായത്തിലെ പുറുത്തിവിളയിൽ ക്രിസ്മസ് ഫെസ്റ്റിനിടെ താല്‍കാലിക നടപ്പാലം തകർന്നുണ്ടായ അപകടത്തെ ചൊല്ലി രാഷ്ട്രീയ പോര്. സംഘാടകരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് എന്നാരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയത് സംഘർഷത്തിനിടയാക്കി. അപകടത്തില്‍ 30 ഓളം പേർക്കാണ് പരിക്കേറ്റത്. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്.
ഇന്നലെ രാത്രി 9 മണിയോടെയാണ് പുറുത്തിവിളയിൽ ക്രിസ്മസ് ഫെസ്റ്റിനിടെ താല്‍കാലിക നടപ്പാലം തകർന്ന് അപകടമുണ്ടായത്. സ്ഥലത്ത് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായുള്ള ഫെസ്റ്റിൽ പുൽക്കൂടും ദീപാലങ്കാരങ്ങളും വാട്ടർഷോയടക്കം നിരവധി പരിപാടികളും ഒരുക്കിയിരുന്നു. വാട്ടർ ഷോ കാണാൻ ആളുകൾ കൂട്ടത്തോടെ നടപ്പാലത്തിലേക്ക് കയറിയതാണ് അപകടമുണ്ടാക്കിയത്. 100 ലധികം പേർ 10 മീറ്ററോളം നീളമുള്ള നടപ്പാലത്തിൽ കയറിയതോടെ പാലം തകർന്നു.
പലകകൾ നിരത്തി നിർമിച്ചതായിരുന്നു നടപ്പാലം. നിലവാരം കുറഞ്ഞ പലകകള്‍ ഉപയോഗിച്ചതാണ് അപകട കാരണമെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തി. രാഷട്രീയ മുതലെടുപ്പ് നടത്തരുതെന്ന് ആരോപിച്ച് മറുവിഭാഗവും രംഗത്തിറങ്ങിയതോടെ വാക്കുത്തർക്കമായി. നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമായതെന്ന് സിപിഎം ആരോപിച്ചു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ സമീപത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. തിരുപുറം ഫെസ്റ്റ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.