30 November, 2023 10:02:55 PM


വരന് ഡെങ്കിപ്പനി: വിവാഹം ആശുപത്രിയില്‍ വച്ച് നടത്തി ബന്ധുക്കള്‍



ന്യൂഡല്‍ഹി ആശുപത്രിയിൽ വച്ച് നടന്ന ഒരു വിവാഹമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഡൽഹി സ്വദേശിയായ അവനീഷ് കുമാറിന്‍റെയും അനുരാധയുടെയും വിവാഹമാണ് ആശുപത്രി അധികൃതരുടെ സമ്മതത്തോടെ നവംബർ 27 ന് നടന്നത്. വിവാഹത്തിന് നാല് ദിവസം മുമ്പാണ് 27 കാരനായ അവനീഷിന് ഡെങ്കിപ്പനി ബാധിച്ചത്. രോഗം മൂർച്ഛിച്ച അവനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അവനീഷിന്‍റെ രക്ത പരിശോധനയിൽ പ്ലേറ്റ്ലേറ്റിന്‍റെ അളവിൽ ക്രമാതീതമായ കുറവുണ്ടായതായി കണ്ടെത്തി. 20,000 പ്ലേറ്റ്ലെറ്റുകളാണ് കുറഞ്ഞത് വേണ്ടിയിരുന്നത്, എന്നാൽ പരിശോധനയിൽ അപകടകരമായ കുറവാണ് കണ്ടെത്തിയത്. അവനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് വിവാഹം മാറ്റി വയ്ക്കാനായിരുന്നു ആദ്യം ആലോചിച്ചത്. എന്നാൽ ചികിത്സയിൽ കഴിഞ്ഞ അവനീഷിനെ കാണാൻ അനുരാധയുടെ കുടുംബം എത്തിയപ്പോഴാണ് നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടത്താനുള്ള പുതിയ വഴി ആലോചനയിൽ വന്നത്. അതിന് ആകെ വേണ്ടിയിരുന്നത് ആശുപത്രി അധികൃതരുടെ സമ്മതം മാത്രമായിരുന്നു. അത് ലഭിച്ച ശേഷം വിവാഹത്തിനുള്ള ഒരുക്കങ്ങളായി.

"അവനീഷിന്റെ ആരോഗ്യ നില മോശമായത് ഞങ്ങളെ എല്ലാവരെയും ഏറെ വിഷമത്തിലാക്കിയിരുന്നു. വധുവിന്റെ വീട്ടുകാർ ഏറെ പേരെ വിവാഹത്തിന് ക്ഷണിക്കുകയും ഒരുക്കങ്ങളെല്ലാം നടത്തുകയും ചെയ്തിരുന്നു. ഏതായാലും ഞങ്ങളുടെ അപേക്ഷ ആശുപത്രി അധികൃതർ സമ്മതിച്ചു. അവനീഷിന്റെ ആരോഗ്യ നില പുരോഗതി പ്രാപിച്ച ശേഷം എല്ലാവരെയും വിളിച്ച് ഒരു വിവാഹപ്പാർട്ടി നടത്തും" രാജേഷിന്‍റെ പിതാവ് പറഞ്ഞു.

ഏറ്റവും അടുത്ത ബന്ധുക്കളും ആശുപത്രിയിലെ ചില ഉദ്യോഗസ്ഥരും ഉൾപ്പെടെ ആകെ 10 പേർ മാത്രം പങ്കെടുത്ത വിവാഹം മാക്സ് വൈശാലി ആശുപത്രിയിൽ നവംബർ 27 ന് നടന്നു. " വിവാഹം നിശ്ചയിച്ച ദിവസം നടക്കില്ല എന്നാണ് ഞാൻ കരുതിയത്. വിവാഹം കഴിക്കാനായി ബന്ധുക്കളുമൊത്ത് ആശുപത്രിയിൽ പോകേണ്ടി വരുമെന്നും കരുതിയില്ല" അനുരാധ പറഞ്ഞു. ഫരീദാബാദിലെ ഒരു ആശുപത്രിയിൽ നഴ്‌സാണ് അനുരാധ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K