11 July, 2024 05:19:08 PM
ശക്തമായ ഇടിമിന്നല്‍; ഉത്തര്‍പ്രദേശില്‍ ഒറ്റദിവസം മരിച്ചത് 38 പേര്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഇന്നലെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ വിവിധ ഇടങ്ങളിലായി 38 പേര്‍ മരിച്ചു. വെള്ളപ്പൊക്കത്തില്‍ സംസ്ഥാനം പിടിമുറുക്കുന്നതിനിടെയാണ് മിന്നല്‍ ആക്രമണവും ദുരന്തം വിതച്ചത്.
13 ഉം 15 ഉം വയസ്സുള്ള രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മരിച്ചവരില്‍ ഉണ്ട്. മരിച്ചവരില്‍ ഭൂരിഭാഗവും കൃഷി സ്ഥലത്ത് ജോലി ചെയ്തവരും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടവരുമാണ്. പ്രതാപ്ഗഡിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഉണ്ടായത്. ഇവിടെ മാത്രം 11 പേരാണ് മരിച്ചത്. സുല്‍ത്താന്‍ പൂരില്‍ മാത്രം ഏഴു പേര്‍ക്ക് ഇടിമിന്നലേറ്റ് ജീവന്‍ നഷ്ടമായി. ഇതില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.
ചന്ദൗലിയില്‍ ആറ് പേരും, മെയിന്‍പുരിയില്‍ അഞ്ചും, പ്രയാഗ്രാജില്‍ നാല്, ഔറയ്യ, ഡിയോറിയ, ഹത്രാസ്, വാരണാസി, സിദ്ധാര്‍ത്ഥനഗര്‍ എന്നിവിടങ്ങളില്‍ ഒന്ന് വീതവും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഈ ജില്ലകളിലെ നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.
അതേസമയം ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയ സാഹചര്യത്തില്‍ ഇപ്പോള്‍ നേരിയ കുറവുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാര്‍, അസം സംസ്ഥാനങ്ങളിലാണ് ഇക്കുറി കനത്ത മഴ പ്രളയ സമാന സാഹചര്യമാണ് സൃഷ്ടിച്ചത്.