14 July, 2024 08:56:42 PM


അടിവസ്ത്രം മാത്രം ധരിച്ച് മോഷണം: പക്കി സുബൈറിനെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്



ആലപ്പുഴ: രണ്ട് മാസമായി പൊലീസിന് തലവേദന സൃഷ്ടിച്ചിരുന്ന കുപ്രസിദ്ധ മോഷ്ടാവ് പക്കി സുബൈർ പൊലീസ് പിടിയിൽ. മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പൊലീസ് അതിസാഹസികമായി സുബൈറിനെ പിടികൂടിയത്. ശുരനാട് തെക്കേമുറിയിൽ കുഴിവിള വടക്കതിൽ സുബൈർ ഇരുന്നൂറോളം കേസുകളിൽ പ്രതിയാണ്.

ജയിലിൽ നിന്ന് ഇറങ്ങി കഴിഞ്ഞ രണ്ട് മാസത്തിനിടെ മാവേലിക്കര, ഹരിപ്പാട്, അമ്പലപ്പുഴ, കരീലക്കുളങ്ങര, നൂറനാട്, വള്ളികുന്നം, കരുനാഗപ്പളളി, ശാസ്താംകോട്ട തുടങ്ങിയ സ്ഥലങ്ങളിൽ കടകളുടെ പൂട്ട് കുത്തി തുറന്ന് ഇരുന്നൂറോളം മോഷണങ്ങളാണ് ഇയാൾ നടത്തിയത്. തുടർന്ന് പല സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതി മാവേലിക്കര പൊലീസിന്റെ വലയിൽ ആയത്. കഴിഞ്ഞ തവണയും മാവേലിക്കര പൊലീസ് തന്നെ ആണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ രണ്ട് മാസമായി പല സംഘങ്ങളായി തിരിഞ്ഞ പൊലീസ് സ്ഥിരമായി പക്കി സുബൈർ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിലും കടകളിലും നിരീക്ഷിച്ച് വരുകയായിരുന്നു. ട്രെയിൻ മാ‍ർഗം ആണ് ഇയാൾ മോഷണത്തിന് പോകുന്നത് എന്ന് മനസ്സിലാക്കിയതോടെ വിവിധ റെയിൽവേ സ്റ്റേഷനുകളും ട്രെയിനുകളും കേന്ദ്രീകരിച്ചായി അന്വേഷണം. മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ഇയാളെ കണ്ടെത്തുകയും അതിസാഹസികമായി ഓടിച്ചിട്ട് പിടിക്കുകയുമായിരുന്നു.

അടിവസ്ത്രം മാത്രം ധരിച്ച് മോഷണം നടത്തിയിരുന്ന പ്രതി വിദ​ഗ്ധമായാണ് കടകളുടെ പൂട്ടുകൾ തകർത്തിരുന്നത്. മാവേലിക്കര പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ. ഈ. നൗഷാദ്, എസ്സ്. ഐമാരായ അനിൽ എം. എസ്സ്, അജിത്ത് ഖാൻ, എബി എം.സ്സ്, നിസ്സാറുദ്ദീൻ, രമേഷ് വി എ.എസ്സ്. ഐ.റിയാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനോദ്, നോബിൾ, പ്രദീപ്, രാജേഷ് സിവിൽ പോലീസ് ഓഫീസർമാരായ രതീഷ്, സീയാദ്, ബോധിൻ, ജവഹ‍ർ, അനന്തമൂർത്തി, അജീഷ്, കാർത്തിക് മോഹൻ, സലാഹുദീൻ, ശരവണൻ,മധു കിരൺ, ഹോം ഗാർഡ് സുകേശൻ എന്നിവർ അടങ്ങുന്ന പൊലീസ് സംഘം ആണ് പ്രതിയെ പിടികുടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K