14 July, 2024 09:02:25 PM


തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമം; തമിഴ്നാട്ടിൽ കൊലക്കേസ് പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു



ചെന്നൈ: തമിഴ്‌നാട്ടില്‍ ബിഎസ്പി അധ്യക്ഷന്‍ ആംസ്‌ട്രോങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തമിഴ്‌നാട് പൊലീസ് വെടിവെച്ച് കൊന്നു. കൊലക്കേസില്‍ അറസ്റ്റ് ചെയ്ത ഗുണ്ടാനേതാവ് തിരുവേങ്കടത്തെയാണ് പൊലീസ് വെടിവെച്ച് കൊന്നത്. ഞായറാഴ്ച രാവിലെ ഏഴുമണിക്ക് തെളിവെടുപ്പിന്റെ ഭാഗമായി മാധവരത്തിന് അടുത്തുള്ള സ്ഥലത്തേക്ക് തിരുവെങ്കടത്തെ എത്തിച്ചപ്പോഴായിരുന്നു സംഭവം.

തെളിവെടുപ്പിനിടെ എസ്‌ഐമാരില്‍ ഒരാളെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവയ്ക്കുകയായിരുന്നു. ആംസ്‌ട്രോങ്ങിനെ കൊല്ലാനുപയോഗിച്ച ആയുധം കണ്ടെത്താനാണ് തിരുവെങ്കടത്തെ മാധവരത്ത് എത്തിച്ചത്. പരുക്കേറ്റ ഇയാളെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

2015ല്‍ തിരുവളളൂര്‍ ജില്ലയിലെ ബിഎസ്പി പ്രസിഡന്റ് തേനരശിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് മരിച്ച തിരുവെങ്കടം. വീടിന് സമീപത്തുവച്ച് പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തുന്നതിനിടെ ജൂലായ് അഞ്ചിനാണ് ആംസ്‌ട്രോങ്ങിന് നേരെ ആക്രമണമുണ്ടായത്. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ഓണ്‍ലൈന്‍ ഏജന്റുമാരെന്ന വ്യാജേന ഭക്ഷണം നല്‍കാനെത്തിയവരാണ് കൊല നടത്തിയത്. സംഘം ആംസ്ട്രോങ്ങിനെ വാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആംസ്‌ട്രോങ്ങിനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തമിഴ്‌നാട്ടിലെ ദലിത് വിഷയങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന നേതാവായിരുന്നു മുന്‍ ചെന്നൈ കോര്‍പറേഷന്‍ കൗണ്‍സിലര്‍ കൂടിയായ ആംസ്‌ട്രോങ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K