18 July, 2024 05:25:09 PM


യുപിയിൽ ട്രെയിൻ പാളംതെറ്റി; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്



ലഖ്നൗ: ഉത്തർപ്ര​ദേശിലെ ​ഗോണ്ടയിൽ ചണ്ഡിഗഡ്-ദിബ്രുഗഡ് എക്‌സ്പ്രസ് പാളംതെറ്റി രണ്ട് മരണം. നിരവധി പേർക്ക് പരുക്കേറ്റു. ഇന്ന് ഉച്ചക്ക് 2.35 ഓടെയാണ് ട്രെയിന്റെ പാളം തെറ്റിയതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ബുധനാഴ്ച രാത്രി 11.35ന് ചണ്ഡീഗഢ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട 15904 നമ്പർ എക്സ്പ്രസ് ആണ് അപകടത്തിൽപ്പെട്ടത്. മോട്ടിഗഞ്ച്-ജിലാഹി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് പാളം തെറ്റിയത്.

എക്‌സ്പ്രസിൻ്റെ 10 കോച്ചുകളെങ്കിലും ട്രാക്കിൽ നിന്ന് വേർപെട്ട നിലയിലാണ്. അതേസമയം, സംഭവസ്ഥലത്ത് രക്ഷാപ്രവർത്തകരെയും ദുരിതാശ്വാസ പ്രവർത്തകരെയും ഉടൻ വിന്യസിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സഹായത്തിനായി എമർജൻസി ഹെൽപ്പ് ലൈൻ നമ്പറുകളും നൽകിയിട്ടുണ്ട്. അപകടത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K