20 July, 2024 09:44:02 AM


​ഗോവ തീരത്തിന് സമീപം ചരക്കുക്കപ്പലിന് തീപിടിച്ചു; ഒരു മരണം



കാർവാർ: ഗുജറാത്തിൽ നിന്നും ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോയ ചരക്കുകപ്പലി‍ൽ തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കപ്പൽ ജീവനക്കാരനായ ഫിലിപ്പിൻസ് സ്വദേശിയാണ് മരിച്ചത്. കേന്ദ്ര ഷിപ്പിങ് മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. ചരക്കുകപ്പലിലാകെ 21 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഗോവ തീരത്തു നിന്ന് 80 നോട്ടിക്കൽ മൈൽ അകലെ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.

ഗോവയിലെ ബെതുലിൽ നിന്നുള്ള എംവി മെഴ്‌സ്‌ക് ഫ്രാങ്ക്ഫർട്ട് എന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. വിവരമറിഞ്ഞ ഉടൻ കോസ്റ്റ് ഗാർഡിന്റെ കപ്പൽ സംഭവസ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചിരുന്നു. സേനയുടെ ഡോണിയർ വിമാനവും നിരീക്ഷണത്തിനെത്തി.

ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പടർന്നതെന്ന് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ പറഞ്ഞു. ജീവനക്കാർക്ക് തീ അണയ്ക്കാൻ സാധിക്കാതെ വന്നതോടെയാണ് ഇവർ വിവരം കോസ്റ്റ് ഗാർഡിനെ അറിയിച്ചത്. ഡെക്കിൽ തീ അതിവേഗം പടർന്ന് മുൻവശത്തുണ്ടായിരുന്ന കണ്ടെയ്നറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. കപ്പലിലെ 160 കണ്ടെയ്‌നറുകളിൽ 20 എണ്ണത്തിനാണ് തീപിടിച്ചത്. അപകടകരമായ ചരക്കുകളാണ് കപ്പലിലുണ്ടായിരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K