25 July, 2024 10:29:02 AM


കോന്നി വനം ഡിവിഷനില്‍ മൂന്ന് കാട്ടാനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി



പത്തനംതിട്ട: കോന്നി വനം ഡിവിഷനില്‍പ്പെട്ട കാനയാര്‍, കൊക്കാത്തോട് എന്നിവിടങ്ങളിലായി മൂന്ന് കാട്ടാനകളെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. കാനയാറ്റില്‍ ഉള്‍ക്കാട്ടില്‍ രണ്ടിടത്തും. കൊക്കാത്തോട് കോട്ടാംപാറ, നരകനരുവി വനത്തിലും ആണ് പിടിയാനകളെ ചരിഞ്ഞനിലയില്‍ കണ്ടത്. കാനയാറ്റില്‍ കണ്ട രണ്ടു പിടിയാനകളുടെ ജഡത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ട്. 24, 23 വയസ്സുള്ള കാട്ടാനകളാണിവ. ബുധനാഴ്ച ഉള്‍ക്കാട്ടിലെത്തി പോസ്റ്റ്മോര്‍ട്ടം നടത്തി.

24 വയസ്സുള്ള കാട്ടാന വീഴ്ചയിലാണ് ചിരിഞ്ഞതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കടുവയുടെ ആക്രമണത്തില്‍നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ കുഴിയില്‍ വീണെന്നാണ് കണ്ടത്തല്‍. ഒരുകാലിന് ഒടിവുണ്ട്. ശ്വാസകോശങ്ങള്‍ക്കും പരിക്കുണ്ട്. 23 വയസ്സുള്ള പിടിയാനയുടെ ഗര്‍ഭാശയത്തിലെ രോഗമാണ് ചരിയാന്‍ കാരണം.

കാനയാര്‍ റെയ്ഞ്ച് ഓഫീസര്‍ സി.കെ. സുധീര്‍, ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ സിബി എന്നിവരുടെ ചുമതലയിലാണ് മൃതദേഹ പരിശോധന നടത്തിയത്. കോന്നി വനത്തിലെ നടുവത്തിമൂഴി റെയ്ഞ്ചില്‍പ്പെട്ട കൊക്കാത്തോട് നരകനരുവിയില്‍ ചരിഞ്ഞനിലയില്‍ കണ്ടെത്തിയ പിടിയാനയ്ക്ക് 34 വയസ്സുണ്ട്. ഉള്‍ക്കാട്ടില്‍ പട്രോളിങ്ങിനുപോയ വനപാലകരാണ് കാട്ടനയുടെ ജഡം കണ്ടത്. വ്യാഴാഴ്ച രാവിലെ പോസ്റ്റ്മോര്‍ട്ടം നടക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K