25 July, 2024 12:50:09 PM


കനത്ത മഴ തുടരുന്നു: വെള്ളക്കെട്ടിൽ മുങ്ങി പുണെ; വൈദ്യുതാഘാതമേറ്റ് മൂന്ന് മരണം



പുണെ: പുണെയില്‍ കനത്ത മഴ തുടരുന്നു. നഗരത്തില്‍ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ജനജീവിതം താറുമാറായി. വിവിധ സ്ഥലങ്ങളിൽ വൈദ്യുതാഘാതമേറ്റ് മൂന്നുപേരടക്കം നാല് മരണവും വ്യാപക നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴ തുടരുന്ന പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ചവരെ അവധി പ്രഖ്യാപിച്ചു. ഖഡക്‌വാസ്ല, പുണെ സിറ്റി, വെല്‍ഹ, മവല്‍, ഭോര്‍ തുടങ്ങിയ മേഖലകളിലാണ് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്. മരിച്ചവരില്‍ മൂന്ന് യുവാക്കള്‍ വൈദ്യുതാഘാതമേറ്റാണ് മരിച്ചത്.

നദി കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് ഭക്ഷണശാല മാറ്റുന്നതിനിടെയാണ് അപകടം നടന്നത്. ഒരാള്‍ക്ക് മണ്ണിടിച്ചിലിലാണ് ജീവന്‍ നഷ്ടമായത്. കഴിഞ്ഞ ദിവസങ്ങളില്‍ പുണെ നഗരത്തിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്തത്. രാത്രിയും മഴ തുടര്‍ന്നതോടെ പലയിടങ്ങളും വെള്ളത്തില്‍ മുങ്ങി. ഖഡക്‌വാസ്ല ഡാമും തുറന്നിട്ടുണ്ട്. അതിനാല്‍ പരിസരപ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നൽകിയിട്ടുണ്ട്. ഏക്ത നഗര്‍, വിറ്റ്ഹാല്‍ നഗര്‍ എന്നിവിടങ്ങളില്‍ വീടുകളിലും കെട്ടിടങ്ങളിലും വെള്ളം ഇരച്ചെത്തി. മുത്ത നദി കരകവിഞ്ഞൊഴുകി. കനത്ത മഴയ്‌ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. നിരവധിയിടങ്ങളില്‍ മരംപൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K