26 July, 2024 01:02:12 PM


മോഷ്ടിക്കാൻ കയറിയ വീട്ടിൽ കിടന്നുറങ്ങിപ്പോയി; കള്ളനെ വിളിച്ചുണർത്തി പോലീസ്



കോയമ്പത്തൂർ: മോഷ്ടിക്കാൻ കയറിയ കള്ളൻ അതേ വീട്ടിൽ തന്നെ കിടന്ന് ഉറങ്ങിപ്പോയതോടെ കയ്യോടെ പൊക്കി പൊലീസ്. കരുമത്താംപട്ടി സ്വദേശി ബാലസുബ്രഹ്മണ്യനെയാണ് വീട്ടുടമയും പൊലീസും ചേർന്ന് പിടികൂടിയത്. കാട്ടൂർ രാംനഗറിലെ നെഹ്‌റു സ്ട്രീറ്റിൽ താമസിക്കുന്ന രാജന്റെ വീട്ടിലായിരുന്നു സംഭവം. 

കഴിഞ്ഞ ദിവസം പകൽസമയത്ത് രാജൻ വീട് പൂട്ടി ഭാര്യയുടെ വീട്ടിലേക്കുപോയി. ഈ സമയത്താണ് ബാലസുബ്രഹ്മണ്യൻ മോഷണത്തിനെത്തിയത്. വീട് കുത്തിത്തുറന്ന് അകത്തുകടന്ന് പണവും ആഭരണവും തേടി എല്ലാ മുറികളിലും മദ്യപിച്ചെത്തിയ ബാലസുബ്രഹ്മണ്യൻ പരിശോധന നടത്തി. ഇതിനിടെ കിടപ്പുമുറിയിൽ കിടന്ന് അറിയാതെ ഉറങ്ങിപ്പോയി. മണിക്കൂറുകൾക്ക് ശേഷം രാജൻ തിരികെയെത്തി. അപ്പോൾ കാണുന്നത് വീട് തുറന്നുകിടക്കുന്നതാണ്. 

സംശയം തോന്നി സുഹൃത്തിനെ വിളിച്ചുവരുത്തി വീടിനകത്ത് പരിശോധിച്ചപ്പോഴാണ് ഒരാൾ ഉറങ്ങിക്കിടക്കുന്നത് കണ്ടത്. ഉടൻ കാട്ടൂർ പൊലീസിനെ വിവരമറിയിക്കുകയും എസ്ഐമാരായ പളനിച്ചാമി, പെരുമാൾസ്വാമി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മോഷ്ടാവിനെ വിളിച്ചുണർത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചോദ്യംചെയ്യലിൽ മോഷ്ടിക്കാൻ കയറിയതാണെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്തു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K