31 July, 2024 02:09:48 PM
നോയിഡയില്‍ വീടിന് തീപിടിച്ചു; ഉറങ്ങിക്കിടന്ന മൂന്ന് പെൺകുട്ടികൾ വെന്തുമരിച്ചു
നോയിഡ: നോയിഡ സെക്ടർ 8ലെ വീട്ടിലുണ്ടായ തീപിടുത്തത്തിൽ മൂന്ന് പെൺകുട്ടികൾ മരിച്ചു. ഇവരുടെ അച്ഛനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് രാവിലെയായിരുന്നു അപകടം. പുലർച്ചെ 3.30നാണ് തീപിടുത്തം സംബന്ധിച്ച് അഗ്നിശമന സേനയ്ക്ക് വിവരം ലഭിച്ചത്.
അസ്റ (10), നൈന (7), ആരാധന (5) എന്നിവരാണ് മരിച്ചത്. ഇവരുടെ അച്ഛൻ ദൗലത് റാമിന് (32) ഗുരുതരമായി പൊള്ളലേറ്റു. കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അറുപത് ശതമാനം പൊള്ളലേറ്റ ദൗലത് റാമിനെ ദില്ലി സഫ്ദർ ജംഗ് ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ രാംബദൻ സിങ് പറഞ്ഞു.
അച്ഛനും അമ്മയും മൂന്ന് മക്കളും ഒരു മുറിയിലാണ് കിടന്നുറങ്ങിയിരുന്നത്. ഇതേ മുറിയിൽ തന്നെ പുലർച്ചയോടെ തീ പിടിക്കുകയായിരുന്നു എന്നാണ് വിവരം. അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. അതേസമയം തീപിടിക്കാനുള്ള യഥാർത്ഥ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.