01 August, 2024 12:52:55 PM
കനത്ത മഴയില്‍ ഡല്‍ഹി മുങ്ങി; ഗാസിപുരില്‍ അമ്മയും കുഞ്ഞും മുങ്ങിമരിച്ചു
ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഡല്‍ഹി നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ശക്തമായ മഴയെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ ഗാസിപൂരില്‍ അമ്മയും കുഞ്ഞും മരിച്ചു. 22 കാരിയായ തനൂജയും മൂന്ന് വയസ്സുള്ള മകന്‍ പ്രിയാന്‍ഷുമാണ് മുങ്ങിമരിച്ചത്. ആഴ്ചച്ചന്തയില്‍ നിന്ന് വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ പോയ ഇവര്‍ വെള്ളക്കെട്ടില്‍ അഴുക്കുചാലിലേക്ക് വീഴുകയായിരുന്നു. ഖോഡ കോളനിക്ക് സമീപം റോഡരികില്‍ നിര്‍മാണത്തിലിരുന്ന ഓടയ്ക്ക് സമീപമായിരുന്നു അപകടം.
ഇന്നലെ വൈകുന്നേരം മുതലാണ് ഡല്‍ഹിഎന്‍സിആര്‍ മേഖലയില്‍ മഴ ശക്തമായത്. റോഡുകള്‍ പുഴ പോലെയായതോടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. കനത്തമഴയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജനങ്ങള്‍ വീടുകളില്‍ തന്നെ തുടരാനും ജനലുകളും വാതിലുകളും അടച്ച് സുരക്ഷിതാകാനും നിര്‍ദേശമുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു.നഗരത്തില്‍ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി അതിഷി അറിയിച്ചു.
വടക്കന്‍ ഡല്‍ഹിയിലെ സബ്ജി മണ്ഡി പ്രദേശത്ത് ഒരു വീട് തകര്‍ന്നു, ഒരാള്‍ക്ക് പരിക്കേറ്റു. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ വസന്ത് കുഞ്ചില്‍ മതില്‍ ഇടിഞ്ഞുവീണ് ഒരു സ്ത്രീക്ക് പരിക്കേറ്റു. മണ്ടി ഹൗസ്, നിഗം ബോധ് ഘട്ട്, റാം ബാഗ്, കുത്തബ് മിനാര്‍ മെട്രോ സ്റ്റേഷന് മുന്‍ വശം, പ്രസ്‌ക്ലബ് തുടങ്ങിയ റോഡുകള്‍ വെള്ളത്തിനടിയിലായി. പ്രതികൂല കാലാവസ്ഥ വ്യോമഗതാഗതത്തെയും ബാധിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന 10 വിമാനങ്ങള്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ജയ്പൂരിലേക്കും ലഖ്നൗവിലേക്കും തിരിച്ചുവിട്ടു. മോശം കാലാവസ്ഥ കൂടുതല്‍ സര്‍വീസുകളെ ബാധിക്കാനിടയുണ്ടെന്ന് വിമാനക്കമ്പനികള്‍ മുന്നറിയിപ്പ് നല്‍കി.