04 August, 2024 08:25:21 PM
ക്ഷേത്ര മതിൽ ഇടിഞ്ഞുവീണ് ഒമ്പത് കുട്ടികൾക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്
ഭോപാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ക്ഷേത്രത്തിൽ മതിൽ ഇടിഞ്ഞുവീണ് ഒമ്പതു കുട്ടികൾ മരിച്ചു. ഇന്നു രാവിലെ നടന്ന അപകടത്തിൽ നിരവധി പേർക്കു പരുക്കേറ്റിട്ടുമുണ്ട്. ഷാഹ്പൂരിലെ ഹർദൗൾ ബാബ ക്ഷേത്രത്തിലെ ഒരു മതപരമായ ചടങ്ങിനിടെയാണു ദാരുണമായ സംഭവം നടന്നത്. അതേസമയം പരുക്കേറ്റ കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ സംഭവത്തിനു പിന്നാലെ പ്രദേശവാസികളുടെ സഹായത്തോടെയായിരുന്നു പൊലീസിന്റെ രക്ഷാപ്രവർത്തനം നടന്നത്. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. മരിച്ചത് 10നും 15നും ഇടയിൽ പ്രായമുള്ള കുട്ടികളെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. സംഭവത്തിൽ വേദനയുണ്ടെന്നു മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. അതേസമയം പരുക്കേറ്റവർ ഉടൻ സുഖം പ്രാപിക്കുമെന്നു പ്രതീക്ഷിക്കുന്നതായും കുട്ടികളെ നഷ്ടപ്പെട്ട കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നതായും സർക്കാർ അറിയിച്ചു. ഓരോ കുടുംബത്തിനും 4 ലക്ഷം രൂപ വീതം സർക്കാർ സഹായം നൽകുമെന്നും അദേഹം പറഞ്ഞു.
മധ്യപ്രദേശിലെ തന്നെ രേവ ജില്ലയിൽ മതിൽ ഇടിഞ്ഞുവീണു നാലു കുട്ടികൾ മരിച്ചതിനു തൊട്ടുപിന്നാലെയാണു സംഭവം. 5-7 വയസ് പ്രായമുള്ള കുട്ടികൾ സ്‌കൂളിൽനിന്നു മടങ്ങുന്നതിനിടെയാണു മതിൽ തകർന്നത്. മതിൽ ഇടിഞ്ഞുവീണ വീടിന്റെ ഉടമസ്ഥനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മഴ ശക്തി പ്രാപിച്ച ശേഷം ഇത്തരത്തിൽ മതിൽ ഇടിഞ്ഞുവീഴുന്ന സംഭവം സംസ്ഥാനത്തു വ്യാപകമാവുകയാണ്.