05 August, 2024 11:47:17 AM


കൻവർ യാത്രയ്ക്കിടെ വാഹനം ഹൈ-ടെൻഷൻ ലൈനിൽ തട്ടി ഒൻപത് പേർ മരിച്ചു



പട്ന: ബിഹാറിലെ വൈശാലിയിൽ വൈദ്യുതാഘാതമേറ്റ് ഒമ്പത് കൻവാർ തീർത്ഥാടകർ മരിച്ചു. രവികുമാർ, രാജ കുമാർ, നവീൻ കുമാർ, അമ്രേഷ് കുമാർ, അശോക് കുമാർ, ചന്ദൻ കുമാർ, കാലുകുമാർ, ആശിഷ് കുമാർ എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ പ്രായപൂർത്തിയാകാത്ത ഒരാളും ഉൾപ്പെടുന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേർക്ക് പരിക്ക് ​ഗുരുതരമാണെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ  പറഞ്ഞു. വൈശാലി ജില്ലയിലെ ഹാജിപൂർ മേഖലയിലാണ് സംഭവം.

എട്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റൊരാൾ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്. പരിക്കേറ്റവർ ഹാജിപൂർ സദർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അധികൃതർ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിലേക്ക് ഹൈ ടെൻഷൻ കേബിൾ പൊട്ടി വീണാണ് അപകടമുണ്ടായത്. ഇൻഡസ്ട്രിയൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ സുൽത്താൻപൂർ ഗ്രാമത്തിൽവെച്ചായിരുന്നു സംഭവം.

ബിഹാറിലെ വൈശാലി ജില്ലയിലുള്ള ഹാജിപൂർ പ്രദേശത്തെ ഞായറാഴ്ചയായിരുന്നു അപകടം. ജെതുയി നിസാമത്ത് ഗ്രാമത്തിൽ നിന്നുള്ള കൻവാർ തീർഥാടകർ സോൻപൂർ പഹ്‌ലേജ ഘട്ടിൽ നിന്ന് മടങ്ങുമ്പോൾ അവരുടെ വാഹനം വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു. വാഹനത്തിന് ഉയരം കൂടുതലായിരുന്നെന്നും അത് ഒരു ഹൈ ടെൻഷൻ വയറിൽ തട്ടിയെന്നും ഇതേ തുടർന്നാണ് അപകടമുണ്ടായതെന്നും പൊലീസ് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K