07 August, 2024 09:18:28 AM


'അതിക്രമിച്ചു കയറി മരം മുറിച്ചു'; സ്ഥലമുടമയ്ക്ക് തൊഴിലുറപ്പ് തൊഴിലാളികള്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി



ആലപ്പുഴ: പറമ്പിൽ അതിക്രമിച്ചു കയറി മരം മുറിച്ചെന്ന പരാതിയിൽ തൊഴിലുറപ്പ് തോഴിലാളികൾ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. ആലപ്പുഴ കൈനകരിയിലാണ് സംഭവമുണ്ടായത്. സ്ഥലം ഉടമ യോഹന്നാന്‍ തരകന്‍റെ പരാതിയിലാണ് എട്ട് വർഷത്തിനു ശേഷം വിധി വന്നത്.

2017 ലാണ് 130 ഓളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്ന് കൈനകരി പഞ്ചായത്ത് അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം 8ാം വാര്‍ഡില്‍ തെക്കെ ഭാഗത്തെ പാടശേഖരത്തിന് ചുറ്റും പുറം ബണ്ട് ബലപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ നടത്തിയത്. ഈ സമയത്ത് തന്റെ സ്ഥലത്തെ മരം തൊഴിലുറപ്പ് തോഴിലാളികൾ വെട്ടി എന്നാണ് യോഹന്നാൽ തരകന്റെ ആരോപിക്കുന്നത്. മുന്‍ പഞ്ചായത്ത് മെമ്പര്‍ കെ പി രാജീവിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. 10 ലക്ഷം രൂപ തൊഴിലുറപ്പ് തൊഴിലാളികള്‍ സ്ഥല ഉടമയ്ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നതാണ് വിധി.

10 ലക്ഷം ശിക്ഷ വിധിച്ചതിനെതിരെ മേൽകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികൾ. 12 പേരെ പ്രതിയാക്കിയാണ് കേസ് നൽകിയത്. 130 തൊഴിലുറപ്പ് തൊഴിലാളികളികൾ സംഭവ സമയത്ത് ഉണ്ടായിട്ടും ബാക്കിയുള്ളവരെ ഒഴിവാക്കി 12 പേര്‍ക്കെതിരെ കേസ് കൊടുത്തത് വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണെന്നാണ് ആരോപണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K