09 August, 2024 03:01:08 PM


അഞ്ചാം നിലയിൽ നിന്ന് വളര്‍ത്തുനായ ദേഹത്ത് വീണ് 4 വയസ്സുകാരിക്ക് ദാരുണാന്ത്യം; ഉടമ അറസ്റ്റില്‍



മുംബൈ: ബഹുനില കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍നിന്ന് വളര്‍ത്തുനായ ശരീരത്തിലേക്ക് വീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. അഞ്ചാം നിലയില്‍ നിന്നാണ് നായ കെട്ടിടത്തിന് മുന്‍വശത്തെ റോഡിലേക്ക് വീണത്.

താനെ നഗരത്തിലെ മുംബ്ര പ്രദേശത്ത് ചൊവ്വാഴ്ച വൈകുന്നേരം 4.30ഓടെയായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രിയോടെ നായയുടെ ഉടമസ്ഥനെ അറസ്റ്റ് ചെയ്തു. കെട്ടിടത്തിന് തൊട്ടുതാഴെയുള്ള റോഡിലൂടെ ഒരു സ്ത്രീയ്‌ക്കൊപ്പം നടന്നുപോവുകയായിരുന്ന നാല് വയസുകാരിയുടെ ശരീരത്തിലേക്കാണ് അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വീണ നായ പതിച്ചത്. കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ ആളുകള്‍ ഓടിക്കൂടി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അന്നു തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

നായ താഴേക്ക് വിഴുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ആദ്യം അപകട മരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കൂടുതല്‍ അന്വേഷണം നടത്തിയ ശേഷം ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം അശ്രദ്ധ കൊണ്ടുണ്ടായ മരണം, മനഃപൂര്‍വമല്ലാത്ത നരഹത്യ, മൃഗങ്ങളെ അശ്രദ്ധമായി കൈകാര്യം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ കൂടി ചുമത്തി. നായയുടെ ഉടമയ്ക്ക് പുറമെ മറ്റ് മൂന്ന് പേര്‍ കൂടി കേസില്‍ പ്രതികളാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K