10 August, 2024 09:13:01 AM
ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറയുന്നു; അർജുനായുള്ള ദൗത്യം തുടങ്ങുന്നതിൽ ഉടൻ തീരുമാനം
ബെംഗളൂരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ വീണ്ടും തുടങ്ങുന്നതിൽ 2 ദിവസത്തിനകം തീരുമാനം. ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക് കുറയുന്നതായി കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചെന്ന് എകെഎം അഷ്‌റഫ് എംഎൽഎ അറിയിച്ചു.
നേവിയുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. നിലവിൽ 4 നോട്ട് വേഗതയിലാണ് ഗംഗാവലി പുഴ ഒഴുകുന്നത്. അത് രണ്ട് നോട്ട് വേഗതയിൽ ആയാൽ ദൗത്യം വീണ്ടും തുടങ്ങാം എന്നാണ് കരുതുന്നതെന്ന് എകെഎം അഷ്‌റഫ് എംഎൽഎ പറഞ്ഞു.
രണ്ട് ദിവസത്തിനുള്ളിൽ പുഴയുടെ ഒഴുക്കിന്റെ ശക്തി കുറഞ്ഞാൽ തെരച്ചിൽ നടത്താന്‍ സാധിക്കും. കൊച്ചിയിലെ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥരും കാർവാർ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥരും തമ്മിൽ സംസാരിച്ച് തെരച്ചിൽ രീതി ആലോചിക്കാം.
പുഴയിലെ ഒഴുക്ക് കുറയുന്നതിന് അനുസരിച്ച് രണ്ട് ദിവസത്തിൽ തീരുമാനം എടുക്കാമെന്ന് ഉറപ്പ് കിട്ടിയെന്നും എകെഎം അഷ്‌റഫ് എംഎൽഎ കൂട്ടിച്ചേര്‍ത്തു. എകെഎം അഷ്‌റഫ് എംഎൽഎ മുഖ്യമന്ത്രിയുടെ പ്രത്യേക ഓഫീസറെ ബെംഗളൂരു വിധാന സൗധയിലെത്തി കണ്ടു.