12 August, 2024 06:16:08 PM
പ്രതിപക്ഷ നേതാവിനോടുള്ള ചോദ്യം പ്രവർത്തകർക്ക് ഇഷ്ടമായില്ല; മാധ്യമ പ്രവർത്തകന് നേരെ കയ്യേറ്റശ്രമം
പത്തനംതിട്ട: പ്രതിപക്ഷ നേതാവിനോടുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതരായി കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവും കയ്യേറ്റ ശ്രമവും. കൈരളി ടിവി റിപ്പോർട്ടർക്ക് നേരെ നേരെയാണ് കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റശ്രമം നടത്തിയത്. പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാക്കളും പൊലീസും ഇടപെട്ടാണ് പിന്നീട് പ്രവർത്തകരുടെ പ്രതിഷേധം നിയന്ത്രിച്ചത്. തുമ്പമൺ സഹകരണബാങ്ക് തെരഞ്ഞെടുപ്പു ദിനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമം കാണിച്ചില്ലേ എന്ന കൈരളി ടി വി റിപ്പോർട്ടറുടെ ചോദ്യത്തെ തുടർന്നായിരുന്നു പ്രതിഷേധം. പത്തനംതിട്ട പന്തളത്ത് സ്വകാര്യ ആശുപത്രി പരിസരത്താണ് സംഭവം നടന്നത്.
പത്തനംതിട്ടയിലെ തുമ്പമൺ സഹകരണബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി പി എം പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ശനിയാഴ്ച വലിയ തോതിൽ സംഘർഷം ഉണ്ടായിരുന്നു. ഈ സംഘർഷത്തിൽ പരിക്കേറ്റ നേതാക്കളെയും പ്രവർത്തകരെയും കാണാനായാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പന്തളത്തെ ആശുപത്രിയിലെത്തിയത്. ശേഷം മാധ്യമ പ്രവർത്തകരെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.
അതിനിടയിലാണ് കൈരളി ടി വി റിപ്പോർട്ടർ തുമ്പമൺ സഹകരണബാങ്ക് തെരഞ്ഞെടുപ്പു ദിനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമം കാണിച്ചില്ലേ എന്ന് പ്രതിപക്ഷ നേതാവിനോട് ചോദിച്ചത്. ഉത്തരം പറയാതെ പ്രതിപക്ഷ നേതാവ് മുന്നോട്ട് നീങ്ങവെയാണ് പ്രവർത്തകർ പ്രകോപനം കാട്ടിയത്. ആ ചോദ്യം അനാവശ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. എന്നാൽ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാക്കളും പ്രവർത്തകരെ ശകാരിച്ച് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.