13 August, 2024 09:57:44 AM


'വിദ്യാർഥികളെ കയറ്റും, മര്യാദയ്ക്ക് പെരുമാറും'- 100 വട്ടം ഇംപോസിഷൻ എഴുതി ഡ്രൈവറും കണ്ടക്ടറും



പത്തനംതിട്ട: വിദ്യാർഥികളെ കയറ്റാതിരുന്ന സ്വകാര്യ ബസ് ജീവനക്കാരെ ഇംപോസിഷൻ എഴുതിപ്പിച്ച് ട്രാഫിക്ക് പൊലീസ്. പത്തനംതിട്ട- ചവറ റൂട്ടിലോടുന്ന സ്വാകാര്യ ബസിലെ കണ്ടക്ടർക്കും ഡ്രൈവർക്കുമാണ് ഇംപോസിഷൻ എഴുതേണ്ടി വന്നത്. 'സ്കൂൾ- കോളജ് കുട്ടികളെ ബസിൽ കയാറ്റാതിരിക്കുകയോ, കുട്ടികളോട് അപമര്യാദയായി പെരുമാറുകയോ ചെയ്യില്ല'- എന്ന് ഇരുവരും 100 വട്ടം എഴുതി. രണ്ടര മണിക്കൂറെടുത്താണ് ഇവർ ഇംപോസിഷൻ എഴുതി തീർത്തത്.

കഴിഞ്ഞ ദിവസം പാർഥസാരഥി ജങ്ഷനിലെ ബസ് സ്റ്റോപ്പിലാണ് സംഭവം. നിർത്തിയിട്ട ബസിൽ കോളജ് വിദ്യാർഥികൾ കയറാൻ തുടങ്ങിയപ്പോൾ അടുത്ത ബസിൽ വരാൻ പറഞ്ഞ് കണ്ടക്ടറും ഡ്രൈവറും തടഞ്ഞു. എന്നാൽ വിദ്യാർഥികൾ കയറാൻ ശ്രമിച്ചപ്പോൾ ഇരുവരും വിലക്കുകയും കയർത്ത് സംസാരിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അടൂർ ട്രാഫിക്ക് എസ്ഐ ജി സുരേഷ് കുമാറാണ് ബസ് കണ്ടെത്തി ജീവനക്കാരെ ട്രാഫിക്ക് സ്റ്റേഷനിൽ വിളിച്ചു വരുത്തി പെറ്റിക്കേസ് എടുക്കുന്നതിനു പകരം ഇംപോസിഷൻ എഴുതിപ്പിച്ചത്.പെറ്റിക്കേസ് എടുത്താൽ ഇതു വീണ്ടും ആവർത്തിക്കും. അതിനാലാണ് ഇംപോസിഷൻ എഴുതിപ്പിച്ചത്. ഇനിയും ആവർത്തിച്ചാൽ കടുത്ത നടപടികളിലേക്കു നീങ്ങുമെന്നു എസ്ഐ വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K