13 August, 2024 11:43:57 AM


നവജാത ശിശുവിന്‍റെ ദുരൂഹ മരണം; പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും



ആലപ്പുഴ: തകഴി കുന്നുമ്മയില്‍ നവജാതശിശുവിനെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്നു പ്രതികളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുമെന്ന് പൊലീസ്. പ്രതികളെ കസ്റ്റഡിൽ വിടാനുള്ള അപേക്ഷ പൊലീസ് നാളെ സമർപ്പിക്കും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. കേസിലെ ഒന്നാം പ്രതി കുഞ്ഞിൻ്റെ അമ്മയായ യുവതി ചികിത്സയിലായതിനാൽ കസ്റ്റഡി അപേക്ഷ പിന്നീട് സമർപ്പിക്കും. രണ്ടാം പ്രതി യുവതിയുടെ ആണ്‍ സുഹ്യത്ത് തകഴി സ്വദേശി തോമസ് ജോസഫ് മൂന്നാം പ്രതി അശോക് ജോസഫ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങാൻ ഉള്ള അപേക്ഷയാണ് പൊലീസ് നാളെ നൽകുന്നത്.

കുഞ്ഞിൻ്റെ പോസ്റ്റുമോർട്ടം നടപടികൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ പൂർത്തിയായെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉടൻ പുറത്തു വരുമെന്നും പൊലീസ് അറിയിച്ചു. കേസിൽ ഡോക്ടറുടെ മൊഴി എന്ന തരത്തിൽ വരുന്ന വാർത്തകൾ വ്യാജമാണെന്നും ഡോക്ടറുടെ മൊഴി പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. ദുരൂഹതകള്‍ ഏറെയുള്ള സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. അമ്മയും ആണ്‍സുഹൃത്തും ചേര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ, അമ്മ കുഞ്ഞിനെ കൊന്ന് കാമുകന് നല്‍കിയതാണോ തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് ഉത്തരം കണ്ടെത്തേണ്ടത്. രാജസ്ഥാനില്‍ പഠിക്കുമ്പോഴാണ് യുവതിയും ആണ്‍ സുഹൃത്തും തമ്മില്‍ അടുപ്പത്തിലായത്.

ഈ മാസം ആറാം തീയതി പുലര്‍ച്ചെയാണ് യുവതിയുടെ പ്രസവം നടന്നത്. മൃതദേഹം മറവ് ചെയ്തത് ഏഴാം തീയതിയാണെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. നവജാത ശിശുവിന്റെ ദുരൂഹ മരണം പുറം ലോകത്തെത്തുന്നതില്‍ നിര്‍ണായകമായത് ഡോക്ടറുടെ സംശയമാണ്. വയറുവേദനയെ തുടര്‍ന്ന് യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ മാത്രമേ ചികിത്സ നല്‍കാനാകൂ എന്നറിയിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിയതോടെയാണ് യുവതിയുടെ പ്രസവം നടന്ന വിവരം പുറത്തറിയുന്നത്. കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോള്‍ യുവാവിന്റെ കൈവശം അമ്മത്തൊട്ടിലില്‍ നല്‍കാനായി ഏല്‍പ്പിച്ചെന്നാണ് അറിയിച്ചതെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. പിന്നീടാണ് കുഞ്ഞിനെ കുഴിച്ച് മൂടിയതാണെന്ന് യുവതി സമ്മതിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K