14 August, 2024 09:40:19 AM


അ‍ർജുൻ മിഷൻ: ഇന്ന് നി‍ർണായകം; ഈശ്വര്‍ മാല്‍പെ എത്തി



ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനായി മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ ഷിരൂരിലെത്തി. പുഴയിലിറങ്ങാന്‍ അനുമതി കാത്തിരിക്കുകയാണ് അദ്ദേഹം. അനുമതി നല്‍കുക കളക്ടറും എസ്പിയും എത്തിയ ശേഷം. അനുമതി ലഭിച്ചാല്‍ ഉടന്‍ ഇറങ്ങുമെന്ന് മാല്‍പെ പ്രതികരിച്ചു. വെള്ളത്തില്‍ ഡീസലിന്റെ സാന്നിധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അങ്കോളയില്‍ നിന്നുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളും ഷിരൂരിലെത്തി. ആറ് പേരുടെ സംഘമാണ് എത്തിയത്. അതേസമയം എന്‍ഡിആര്‍എഫ് സംഘം ഷിരൂരില്‍ തിരച്ചില്‍ ആരംഭിച്ചു. രണ്ട് സ്‌കൂബാ ഡൈവേഴ്‌സ് കൂടി എന്‍ഡിആര്‍എഫ് സംഘത്തിലുണ്ടെന്നാണ് വിവരം.

ഇന്നലെ വൈകിട്ട് രണ്ടു മണിക്കൂറോളമാണ് തെരച്ചില്‍ നടത്തിയത്. ഇന്ന് നല്ല വെയിലുള്ള സമയത്ത് തെരച്ചില്‍ നടത്തിയാല്‍ കൂടതല്‍ ഗുണകരമാകുമെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു. ഇന്നലെത്തെ തെരച്ചിലില്‍ അര്‍ജുൻ ഓടിച്ചിരുന്ന ലോറിയിലുണ്ടായിരുന്ന ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയിരുന്നു. 

ലോറി കണ്ടെത്താനാകുമെന്ന പ്രതീക്ഷയുണ്ടെന്നും പുഴയുടെ അടിയൊഴുക്ക് കുറഞ്ഞിട്ടുണ്ടെന്നും മുങ്ങിതാഴുമ്പോള്‍ അടിഭാഗം കാണാനാകുന്നുണ്ടെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു. പുഴയിയുടെ അടിയില്‍ എല്ലാം വ്യക്തമായി കാണാനാകുന്നുണ്ടെന്നും വെയിലുള്ള സമയത്ത് രാവിലെ തന്നെ ഇറങ്ങാനായാല്‍ കൂടുതല്‍ ഇടങ്ങളിൽ പരിശോധന നടത്താനാകുമെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു.

അര്‍ജുൻ ഓടിച്ചിരുന്ന ലോറിയുടെ ജാക്കി കണ്ടെത്തിയത് പ്രതീക്ഷ നല്‍കുന്നതാണെന്നും ലോറി പുഴയില്‍ തന്നെയുണ്ടാകാമെന്നതിനൊരു തെളിവ് ലഭിച്ചത് പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്നും ലോറി ഉടമ മനാഫും അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിനും പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K