21 August, 2024 03:54:29 PM
സി.ബി.ഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഇ.ഡി ഉദ്യോഗസ്ഥൻ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ
ന്യൂഡൽഹി: അഴിമതി കേസിൽ സി.ബി.ഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഇ.ഡി ഉദ്യോഗസ്ഥൻ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ. ഡൽഹിക്ക് സമീപം ഷാഹിബാബാദിലെ റെയിൽവേ ട്രാക്കിലാണ് ഇ.ഡി ഉദ്യോഗസ്ഥനായ അലോക് കുമാർ രഞ്ജന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഗാസിയാബാദിൽ നിന്നുള്ള അലോക് കുമാർ ഡെപ്യുട്ടേഷനിലാണ് ഇ.ഡിയിലെത്തിയത്. നേരത്തെ ആദായ നികുതി വകുപ്പിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. അഴിമതി കേസിൽ അലോക് കുമാറിനെ രണ്ട് തവണ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. അറസ്റ്റൊഴിവാക്കാൻ 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് അലോക് കുമാറിനെതിരെ ആരോപണം.
എൻഫോഴ്സ്മെന്റ് ഡയറക്ടർ സന്ദീപ് സിങ് അറസ്റ്റിലായതിനെ തുടർന്നാണ് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വന്നത്. ഒടുവിൽ കൈക്കൂലി വാങ്ങുന്നതിനിടെ അലോക് കുമാറിനെ സി.ബി.ഐ അറസ്റ്റ് ചെയ്യുകയായിരുന്നു. മുംബൈയിലെ ജ്വല്ലറി ഉടമയിൽ നിന്നും ഇയാൾ കൈക്കൂലി വാങ്ങിയെന്നും ആരോപണമുണ്ട്. അലോക് കുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വ്യക്തത വരുവെന്ന് പൊലീസ് അറിയിച്ചു.