24 August, 2024 10:18:45 AM
അസം കൂട്ടബലാത്സംഗം; പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുളത്തിൽ വീണ് മരിച്ചു
ന്യൂഡൽഹി: അസമിലെ നഗോവൻ ജില്ലയിൽ 14 വയസ്സുള്ള പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുളത്തിൽ വീണ് മരിച്ചു. കേസിലെ പ്രതിയെന്ന് പൊലീസ് ആരോപിക്കുന്ന താഫസുൽ ഇസ്‍ലാമാണ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുളത്തിൽ വീണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അസമിലെ നാഗോൺ ജില്ലയിൽ 14കാരി കൂട്ടബലാത്സംഗത്തിനിരയായത്.
തെളിവെടുപ്പിനായി കൊണ്ട് വന്നപ്പോൾ താഫസുൽ ഇസ്‍ലാം കുളത്തിലേക്ക് ചാടുകയായിരുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്. രണ്ട് മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിലാണ് ഇസ്‍ലാമിന്റെ മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു. നാഗോണിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്ന് പേരിൽ ഒരാൾ താഫസുൽ ഇസ്‍ലാമാണെന്നാണ് പൊലീസ് പറയുന്നത്.
ട്യൂഷൻ ക്ലാസിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. ബോധരഹിതയായി വഴിയരികിൽ കിടന്ന പെൺകുട്ടിയെ പ്രദേശവാസികളാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം, കേസിലെ പ്രതികളായ മറ്റ് രണ്ട് പേരെ പിടികൂടാൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. നേരത്തെ വിഷയത്തിൽ വർഗീയ പ്രചാരണവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രംഗത്തെത്തിയിരുന്നു. പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതികളെ വെറുതെ വിടില്ല. സംഭവസ്ഥലം സന്ദർശിക്കാൻ ഡി.ജി.പിക്കും ജലവിഭവ വകുപ്പ് മന്ത്രിക്ക് നിർദേശം നൽകിയിട്ടുണ്ട്.