12 September, 2024 03:58:41 PM


സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു



ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ് പത്തൊന്‍പതിനാണ് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


വൈദേഹി ബ്രാഹ്മണരായ സര്‍വേശ്വര സോമയാജലു യെച്ചൂരിയുടെയും കല്‍പകത്തിന്റെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണ് ജനിച്ചത്. പേരിന്റെ വാലറ്റത്തുനിന്നു ജാതി മുറിച്ചുമാറ്റാമെന്നു തീരുമാനിച്ച് സീതാറാം യെച്ചൂരിയായത്, സുന്ദര രാമ റെഡ്ഡിയില്‍നിന്നു പി സുന്ദരയ്യയായി മാറിയ സിപിഎമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയെ മാതൃകയാക്കിയാണ്. അച്ഛന്‍ ആന്ധ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനില്‍ എന്‍ജിനീയറായിരുന്നു. ഇടയ്്ക്കിടെയുള്ള സ്ഥലം മാറ്റത്തിനൊപ്പം യെച്ചൂരിയുടെ സ്‌കൂളുകളും മാറി. പഠനത്തില്‍ മിടുക്കനായിരുന്ന യെച്ചൂരി, പതിനൊന്നാം ക്ലാസിലെ ബോര്‍ഡ് പരീക്ഷയില്‍ രാജ്യത്ത് ഒന്നാമനായി.


1974ല്‍ എസ്എഫ്‌ഐയില്‍ ചേര്‍ന്നത്. 1978ല്‍ എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട യച്ചൂരി അതെ വര്‍ഷം തന്നെ എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. ജെഎന്‍യുവിലെ പഠനത്തിനിടെ അടിയന്തരാവസ്ഥക്കെതിരെ പ്രധിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായി. മൂന്നു തവണ യച്ചൂരിയെ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. 1985-ല്‍ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി 1992 മുതല്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്. 2015ല്‍ വിശാഖപട്ടണത്ത് നടന്ന 21ാം പാര്‍ട്ടികോണ്‍ഗ്രസില്‍ ദേശീയ സെക്രട്ടറിയായി. ഒന്നാം യുപിഎ സര്‍ക്കാരും ഇടതുപക്ഷവുമായുള്ള ബന്ധത്തിലെ പ്രധാന കണ്ണിയായി വര്‍ത്തിച്ചത് യെച്ചൂരിയായിരുന്നു. നാളിതുവരെ ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ലെങ്കിലും ദേശീയതലത്തില്‍ സിപിഎമ്മിന്റെ വക്താവും മുഖവുമായിരുന്നു യെച്ചൂരി. കോണ്‍ഗ്രസുകാരുമായി ഏറ്റവും അടുപ്പമുള്ള നേതാവും യെച്ചൂരിയായിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K