24 September, 2024 12:31:07 PM


മാര്‍ക്‌സിസ്റ്റ് ചിന്തകനും സൈദ്ധാന്തികനുമായ ഫ്രെഡറിക് ജെയിംസണ്‍ അന്തരിച്ചു



ന്യൂയോര്‍ക്ക്: അമേരിക്കന്‍ സാഹിത്യവിമര്‍ശകനും മാര്‍ക്‌സിസ്റ്റ് ചിന്തകനും സൈദ്ധാന്തികനുമായ ഫ്രെഡറിക് ജെയിംസണ്‍ (90) അന്തരിച്ചു. ഉത്തരാധുനികത, മുതലാളിത്തം എന്നിവയെക്കുറിച്ചും സമകാലിക സാംസ്‌കാരിക പ്രവണതകളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വിശകലനങ്ങള്‍ പ്രശസ്തമാണ്.

ഒഹായോവിലെ ക്ലീവ്ലന്‍ഡില്‍ 1934-ലാണ് ഫ്രെഡറിക് ജെയിംസണിന്റെ ജനനം. 1959-ല്‍ യേല്‍ സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടി. കമ്പാരെറ്റിവ് ലിറ്ററേച്ചര്‍, റോമന്‍ സ്റ്റഡീസ്, എന്നിവയില്‍ ഡൂക്ക്, യേല്‍, ഹാര്‍വാഡ്, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ തുടങ്ങിയ സര്‍വകലാശാലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാര്‍ക്‌സിസ്റ്റ് സാഹിത്യ സിദ്ധാന്തത്തിന് നിരവധി സംഭവനകള്‍ ചെയ്ത ഫ്രെഡറിക് ജെയിംസണ്‍ കൊഗ്നിറ്റിവ് മാപ്പിങ്, ദ പൊളിറ്റിക്കല്‍ അണ്‍കോണ്‍ഷ്യസ് തുടങ്ങിയ പ്രശസ്തമായ ആശയങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

'ദ പൊളിറ്റിക്കല്‍ അണ്‍കോണ്‍ഷ്യസ്' എന്ന പുസ്തകത്തിലൂടെ മാര്‍ക്സിസ്റ്റ് രീതിശാസ്ത്രത്തെ ആഴത്തില്‍ സ്ഥാപിച്ചെടുത്തു. മുതലാളിത്തവും രാഷ്ട്രീയവും സമകാലിക സാഹിത്യ സാംസ്‌കാരിക പ്രവണതകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഫ്രെഡറിക് ജെയിംസണ്‍ നിരവധി ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930