31 October, 2024 04:24:27 PM
ബിപിഎല്‍ സ്ഥാപക ഉടമ ടി പി ജി നമ്പ്യാര്‍ അന്തരിച്ചു
ബെംഗളൂരു: പ്രമുഖ വ്യവസായിയും ബിപിഎല്‍ സ്ഥാപകനുമായ ടി പി ഗോപാല്‍ നമ്പ്യാര്‍ ( ടിപിജി നമ്പ്യാര്‍) അന്തരിച്ചു. 95 വയസ്സായിരുന്നു. ബെംഗളൂരുവിലെ വസതിയില്‍ രാവിലെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും വ്യവസായ പ്രമുഖനുമായ രാജീവ് ചന്ദ്രശേഖര്‍ മരുമകനാണ്.
ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് രംഗത്ത് ഒരുകാലത്ത് സര്‍വാധിപത്യം പുലര്‍ത്തിയ ബ്രാന്‍ഡ് ആയിരുന്നു ബിപിഎല്‍. 1963 ല്‍ പാലക്കാട്ടാണ് നമ്പ്യാര്‍ ബ്രിട്ടീഷ് ഫിസിക്കല്‍ ലബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങുന്നത്. ബിപിഎല്‍ എന്ന ബ്രിട്ടീഷ് കമ്പനിയുമായി സഹകരിച്ചായിരുന്നു കമ്പനിയുടെ തുടക്കം. ബെംഗളൂരുവാണ് ആസ്ഥാനം.
ടി.പി.ജി നമ്പ്യാരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷൻ വ്യവസായത്തിൽ വലിയ കുതിപ്പ് സൃഷ്ടിച്ച ബിപിഎല്ലിൻ്റെ സ്ഥാപകൻ എന്ന നിലയിൽ അദ്ദേഹം ഇന്ത്യൻ വ്യവസായ ലോകത്ത് പ്രമുഖ സ്ഥാനമാണ് വഹിച്ചിരുന്നത്. പുതുതായി വ്യവസായ മേഖലയിലേക്ക് ഇറങ്ങുന്ന ആളുകൾക്ക് വലിയ പ്രചോദനമായിരുന്നു അദ്ദേഹത്തിൻ്റെ സംരംഭങ്ങൾ എന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.