12 November, 2024 04:22:27 PM


മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം.ടി.പത്മ അന്തരിച്ചു



മുംബൈ: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എംടി പത്മ അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി മകള്‍ക്കൊപ്പം മുംബൈയിലായിരുന്നു താമസം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും.

1991ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ഫിഷറീസ്-ഗ്രാമ വികസന-രജിസ്ട്രേഷന്‍ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1987ലും 1991ലും കൊയിലാണ്ടിയില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു. കേരളത്തിലെ മൂന്നാമത്തെ വനിതാമന്ത്രിയായിരുന്നു എം.ടി പത്മ. നിയമത്തില്‍ ബിരുദവും ആര്‍ട്ട്‌സില്‍ ബിരുദാനാന്തര ബിരുദവും നേടിയ പത്മയുടെ രാഷ്ട്രീയ പ്രവേശം കെഎസ് യുവിലൂടെയായിരുന്നു. കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്, കെപിസിസി അംഗം, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡിസിസി സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.1999-ല്‍ പാലക്കാട് നിന്നും 2004-ല്‍ വടകരയില്‍ നിന്നും ലോക്‌സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

കെ കരുണാകരന്‍ ഡിഐസി. രൂപീകരിച്ചപ്പോള്‍ അതിലേക്കു പോയ പത്മ പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചു വന്നു. 2013-ല്‍ കോഴിക്കോട് കോര്‍പ്പറേഷനിലേയ്ക്ക് കോണ്‍ഗ്രസ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെടുകയും പ്രതിപക്ഷ നേതാവാകുകയും ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938