08 November, 2024 12:24:36 PM


ടെലിവിഷന്‍ താരം നിതിന്‍ ചൗഹാന്‍ അന്തരിച്ചു



മുംബൈ: ടെലിവിഷന്‍ താരം നിതിന്‍ ചൗഹാന്‍ അന്തരിച്ചു. 35 വയസ്സായിരുന്നു. 'ദാദാഗിരി 2' എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ടെലിവിഷന്‍ നടനാണ് നിതിന്‍ ചൗഹാന്‍. യുപിയിലെ അലിഗഡ് സ്വദേശിയാണ്. 'ദാദാഗിരി 2' വിജയിച്ചതിന് ശേഷം ജനപ്രീതി നേടിയ താരം പിന്നീട് നിരവധി ഷോകളില്‍ അഭിനയിച്ചു.എംടിവിയുടെ 'സ്പ്ലിറ്റ്സ് വില്ല 5' എന്നതിന് പുറമേ 'സിന്ദഗി ഡോട്ട് കോം', 'ക്രൈം പട്രോള്‍', 'ഫ്രണ്ട്‌സ്' തുടങ്ങിയ സീരീസുകളിലും താരം പ്രത്യക്ഷപ്പെട്ടു. 2022ലെ 'തേരാ യാര്‍ ഹൂന്‍ മെയ്ന്‍' ആണ് താരം അവസാനമായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട ഷോ. ഷോയിലെ അദ്ദേഹത്തിന്റെ സഹതാരങ്ങളായിരുന്ന സുദീപ് സാഹിറും സായന്തനി ഘോഷും അദ്ദേഹത്തിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചു. നിതിന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് അദ്ദേഹത്തിന്റെ മുന്‍ സഹനടന്‍ വിഭൂതി താക്കൂര്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചത്. 'എന്റെ പ്രിയപ്പെട്ടവനെ, സമാധാനത്തോടെ വിശ്രമിക്കൂ, ഞാന്‍ ശരിക്കും ഞെട്ടിപ്പോയി, എല്ലാ പ്രശ്നങ്ങളെയും നേരിടാനുള്ള കരുത്ത് നിനക്കുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ച് പോകുന്നു'- നിതിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ച് വിഭൂതി കുറിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K