28 October, 2024 06:54:08 PM
ജസ്റ്റിസ് കെ എസ് പുട്ടസ്വാമി അന്തരിച്ചു
ബെംഗളൂരു: ആധാര്‍പദ്ധതിയുടെ ഭരണഘടനാ സാധുത ആദ്യമായി ചോദ്യംചെയ്ത ജസ്റ്റിസ് കെ.എസ് പുട്ടസ്വാമി(98) അന്തരിച്ചു. ഇന്ന് ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. മുന്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായിരുന്നു. 1977 നവംബര്‍ 28-ന് ആയിരുന്നു പുട്ടസ്വാമി കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. 1986-ല്‍ വിരമിക്കുന്നതുവരെ സ്ഥാനത്ത് തുടരുകയും ചെയ്തു.
2012-ല്‍ തന്റെ 86-ാമത്തെ വയസ്സിലായിരുന്നു പുട്ടസ്വാമി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ആധാര്‍ പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്തുകൊണ്ട് സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തിയത്. നിയമനിര്‍മാണം നടത്താതെ കേവലം എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ മാത്രം നടപ്പിലാക്കിയതാണ് പദ്ധതിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോരാട്ടം. ഇത് സ്വകാര്യതാ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. പിന്നീട് സുപ്രീംകോടതി സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ വിഭാഗത്തില്‍ പെടുമെന്ന സുപ്രധാന നിരീക്ഷണം നടത്തി.