18 November, 2024 06:51:09 PM


'പഥേർ പാഞ്ചാലിയിലെ ദുർ​ഗ'യ്ക്ക് വിട; നടി ഉമ ദാസ് ഗുപ്ത അന്തരിച്ചു



കൊല്‍ക്കത്ത: ഇന്ത്യൻ സിനിമയിലെ തന്നെ ക്ലാസിക് ചിത്രമായ പഥേർ പാഞ്ചാലിയിലെ ദുർ​ഗ എന്ന കഥാപാത്രം ചെയ്ത നടി ഉമാ ദാസ് ​ഗുപ്ത അന്തരിച്ചു. സത്യജിത്ത് റായ് ആണ് പഥേർ പാഞ്ചാലി സംവിധാനം ചെയ്തത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു ഉമാ ദാസ് ​ഗുപ്ത. ആനന്ദ് ബസാർ പത്രികയിലൂടെയാണ് നടിയുടെ ബന്ധുവും നടനും രാഷ്ട്രീയനേതാവുമായ ചിരഞ്ജീത് ചക്രബർത്തി ഇക്കാര്യം അറിയിച്ചത്.

ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ഉമാ ദാസ്​ഗുപ്തയുടെ മരണം സംഭവിച്ചത്. അർബുദം സ്ഥിരീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി ചികിത്സയിലായിരുന്നു. ഇടക്കാലത്ത് മരുന്നുകളോട് ശരീരം നന്നായി പ്രതികരിച്ചിരുന്നു, എങ്കിലും വീണ്ടും രോഗം അവരെ പിടികൂടുകയായിരുന്നു. വിദ​ഗ്ധ ചികിത്സയ്ക്കായി കൊൽക്കത്തയിലെ ഒരു പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉമ അവിടെവെച്ചുതന്നെ മരിക്കുകയായിരുന്നു. ഇന്ന് വൈകിട്ടോടെ തന്നെ സംസ്കാരം നടത്തുമെന്നും കുടുംബം അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഉമാ ദാസ് ഗുപ്ത വളരെ ചെറുപ്പത്തിൽ തന്നെ തിയേറ്റർ രം​ഗത്തേക്ക് വന്നയാളാണ്. ഉമ പഠിച്ചിരുന്ന സ്കൂളിലെ പ്രധാനാധ്യാപകൻ സംവിധായകനായ സത്യജിത് റായിയുടെ അടുത്ത സുഹൃത്തായിരുന്നു. ഈ അധ്യാപകനിലൂടെ റായ് ദുർ​ഗ എന്ന വേഷത്തിലേക്ക് ഉമയെ തെരഞ്ഞെടുക്കുകയായിരുന്നു പഥേർ പാഞ്ചാലിക്കുശേഷം വളരെക്കുറച്ച് ചിത്രങ്ങളിലാണ് ഉമ പിന്നീട് വേഷമിട്ടത്.

ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ ഇതേ പേരിൽ 1929-ൽ പുറത്തിറങ്ങിയ നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു സത്യജിത്ത് റായ് പഥേർ പാഞ്ചാലിയെന്ന ചിത്രമൊരുക്കിയത്. റായിയുടെ ആദ്യസംവിധാന സംരംഭവുമായിരുന്നു ഈ ചിത്രം. ഉമാ ദാസ് ഗുപ്തയെ കൂടാതെ, സുബിർ ബാനർജി, കനു ബാനർജി, കരുണ ബാനർജി, പിനാകി സെൻഗുപ്ത, ചുനിബാല ദേവി എന്നിവരും പഥേർ പാഞ്ചാലിയിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 931