20 September, 2024 03:44:09 PM


ഡെലിവറി വൈകിയതിന് വഴക്കുപറഞ്ഞു; മനംനൊന്ത് ഡെലിവറി ബോയ് ജീവനൊടുക്കി



ചെന്നൈ: ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ വൈകി. പിന്നാലെ ഡെലിവറി ജീവനക്കാരന്‍ കസ്റ്റമറുടെ കൈയ്യില്‍ നിന്ന് നേരിട്ടത് വന്‍ അധിക്ഷേപം. മനം നൊന്ത ജീവനക്കാരന്‍ തന്റെ ജീവനൊടുക്കി. പവിത്രന്‍ എന്ന 19 കാരനെയാണ് വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

സാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ വൈകിയെന്നും കസ്റ്റമര്‍ വഴക്കുപറഞ്ഞതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്നും കത്തില്‍ പറയുന്നുണ്ട്. ഇത്തരം സ്ത്രീകള്‍ ഉള്ളിടത്തോളം കാലം ഇനിയും മരണങ്ങള്‍ സംഭവിക്കുമെന്നും യുവാവ് കത്തില്‍ കുറിച്ചിട്ടുണ്ട്. ബികോം വിദ്യാര്‍ത്ഥിയായിരുന്നു പവിത്രന്‍.

സെപറ്റംബര്‍ 11നായിരുന്നു സംഭവം. കൊരട്ടൂര്‍ ഭാഗത്ത് ഡെലിവറിക്കെത്തിയതായിരുന്നു യുവാവ്. വീട് കണ്ടെത്താന്‍ പ്രയാസം അനുഭവപ്പെട്ടതോടെ ഡെലിവറി ചെയ്യാന്‍ വിചാരിച്ചതിലും സമയം വൈകി. ഇതോടെ കസ്റ്റമര്‍ യുവാവിനോട് മോശമായി പെരുമാറുകയായിരുന്നു. പിന്നാലെ സേവനത്തെകുറിച്ച് പരാതി നല്‍കുകയും ചെയ്തു.

രണ്ട് ദിവസങ്ങള്‍ക്ക് ശേഷം പവിത്രന്‍ പ്രസ്തുത കസ്റ്റമറിന്റെ വസതിയിലെത്തുകയും വീടിന് നേരെ കല്ലെറിയുകയുമായിരുന്നു. ഇതോടെ ഇവര്‍ യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ ബുധനാഴ്ചയാണ് യുവാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K