20 September, 2024 07:07:34 PM
കടുവയിറങ്ങിയെന്ന വ്യാജ പ്രചരണം; പത്തനംതിട്ടയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
പത്തനംതിട്ട: ജനങ്ങളെ ഒന്ന് പേടിപ്പിക്കാന്‍ വേണ്ടി ഒരു വ്യാജ വാര്‍ത്ത പടച്ചുവിട്ടു. വാര്‍ത്ത എന്താണെന്നല്ലേ , നാട്ടില്‍ കടുവ ഇറങ്ങി. കടുവയുടെ ചിത്രം സഹിതം പ്രചരിപ്പിച്ചതുകൊണ്ട് കെട്ടവരെല്ലാം ഒന്ന് ഭയന്നു. പത്തനംതിട്ട കലഞ്ഞൂരിലാണ് സംഭവം. ഒടുവിലിതാ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവർ പിടിയിലായി. പാക്കണ്ടം സ്വദേശികളായ ആത്മജ്(20), അരുണ്‍ മോഹനന്‍(32), ഹരിപ്പാട് നങ്യാര്‍കുളങ്ങര സ്വദേശി ആദര്‍ശ് (27)എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വാഹനത്തിന്റെ ഹെഡ് ലൈറ്റ് വെളിച്ചത്തില്‍ കടുവ വഴിവക്കില്‍ നില്‍ക്കുന്നതായ ചിത്രമാണ് സംഘം പ്രചരിപ്പിച്ചത്. കലഞ്ഞൂര്‍ പാക്കണ്ടത്ത് കടുവയിറങ്ങിയെന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. വ്യാജ ചിത്രം നിര്‍മ്മിച്ചത് തിങ്കളാഴ്ചയെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് പൊലീസ് പറഞ്ഞു.