21 September, 2024 11:54:51 AM
വാട്ടർ ടാങ്കർ റോഡിലെ ഗർത്തത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പൂനെ: പൂനെയിൽ വാട്ടർ ടാങ്കർ റോഡിന് നടുക്ക് രൂപപ്പെട്ട ഗർത്തത്തിലേക്ക് മറിഞ്ഞ് അപകടം. നിർത്തിയിട്ടിരുന്ന വാട്ടർ ടാങ്കർ മുന്നോട്ട് എടുത്തപ്പോളാണ് അപകടം സംഭവിച്ചത്. ടാങ്കർ നീങ്ങിയതോടെ പെട്ടെന്ന് ഗർത്തം രൂപപ്പെടുകയും വാഹനം അതിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ ടാങ്കറിൽ ഉണ്ടായിരുന്ന ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
പെട്ടെന്ന് രൂപപ്പെട്ട ഗർത്തത്തിലേക്ക് ടാങ്കർ വീണെങ്കിലും പൂർണമായി മുങ്ങാതിരുന്നതിനാലാണ് ഡ്രൈവറെ പുറത്തെത്തിക്കാൻ കഴിഞ്ഞതെന്ന് പൂനെ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി. കുഴി രൂപപ്പെടാൻ കാരണമെന്തെന്ന് മുനിസിപ്പൽ ഉദ്യോഗസ്ഥർ അന്വേഷിച്ചുവരികയാണ്. ഇത്തരം സംഭവങ്ങൾ തടയാൻ റോഡിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തണമെന്ന് പ്രദേശവാസികൾ പറഞ്ഞു.