02 October, 2024 07:15:39 AM
ജഗ്ഗി വാസുദേവിന്റെ ഉടമസ്ഥതയിലുള്ള ഇഷ ഫൗണ്ടേഷനില്‍ പൊലീസ് റെയ്ഡ്
കോയമ്പത്തൂർ: മദ്രാസ് ഹൈകോടതി ക്രിമിനില്‍ കേസുകളില്‍ റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെ ജഗ്ഗി വാസുദേവിന്റെ ഉടമസ്ഥതയിലുള്ള ഇഷ ഫൗണ്ടേഷനില്‍ പൊലീസ് റെയ്ഡ്. 150ഓളം പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന. കോയമ്ബത്തൂരിലെ തൊണ്ടമുത്തുരിലെ ഇഷ ഫൗണ്ടിഷേനിലാണ് റെയ്ഡ്. മൂന്ന് ഡി.എസ്.പിമാരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ഫൗണ്ടേഷനിലെ അന്തേവാസികളുടെ മൊഴിയും രേഖപ്പെടുത്തുന്നുണ്ട്.
റെയ്ഡിന് പിന്നാലെ പ്രതികരണവുമായി ഇഷ യോഗ സെന്റർ രംഗത്തെത്തി. എസ്.പിയുടെ നേതൃത്വത്തില്‍ സാധാരണ നടക്കുന്ന അന്വേഷണമാണ് നടന്നതെന്ന് യോഗ സെന്റർ അറിയിച്ചു. താമസിക്കുന്ന ആളുകളുടേയും വിവരങ്ങള്‍ തേടുകയും അവരുടെ ജീവിതരീതിയെ കുറിച്ച് മനസിലാക്കുകയും ചെയ്തുവെന്നും ഇഷ യോഗ സെന്റർ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
നല്ല വിദ്യാഭ്യാസമുള്ള തൻ്റെ രണ്ട് പെണ്‍മക്കളെ ജഗ്ഗി വാസുദേവിന്‍റെ ഇഷ യോഗാ സെൻ്ററില്‍ സ്ഥിരമായി താമസിപ്പിക്കാൻ പ്രേരിപ്പിച്ചെന്ന് കാട്ടി തമിഴ്‌നാട് കാർഷിക സർവകലാശാല അധ്യാപകനായിരുന്ന എസ്. കാമരാജാണ് പരാതി നല്‍കിയത്. കേസ് പരിഗണിക്കവെ ജസ്റ്റിസുമാരായ എസ്.എം. സുബ്രഹ്മണ്യം, വി. ശിവജ്ഞാനം എന്നിവരടങ്ങിയ ബെഞ്ചാണ് ഇഷ ഫൗണ്ടേഷൻ സ്ഥാപകനായ ജഗ്ഗി വാസുദേവിനോട് യുവതികളെ ലൗകിക ജീവിതം ഉപേക്ഷിച്ച് സന്യാസിമാരെപ്പോലെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതെന്തിനാണെന്ന ചോദ്യം ഉന്നയിച്ചത്. 'സദ്‍ഗുരു' എന്നാണ് ജഗ്ഗി വാസുദേവ് സ്വയം വിശേഷിപ്പിക്കുന്നത്.
തൻ്റെ പെണ്‍മക്കളെ കോടതിയില്‍ നേരിട്ട് ഹാജരാക്കണമെന്നാവശ്യപ്പെട്ട് കാമരാജ് ഹരജി നല്‍കിയിരുന്നു. തിങ്കളാഴ്ച കോടതിയില്‍ ഹാജരായ രണ്ടു മക്കളും, തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇഷ ഫൗണ്ടേഷനില്‍ താമസിക്കുന്നതെന്നും തടങ്കലിലല്ലെന്നും കോടതിയെ അറിയിച്ചു.
കേസ് വിശദമായി അന്വേഷിക്കാൻ ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട എല്ലാ കേസുകളുടെയും പട്ടിക തയാറാക്കാൻ കോടതി പൊലീസിന് നിർദേശം നല്‍കി. പ്രായപൂർത്തിയായ വ്യക്തികള്‍ക്ക് അവരുടെ വഴികള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും വിവേകവും ഉണ്ടെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും വിവാഹമോ സന്യാസമോ ആരിലും അടിച്ചേല്‍പ്പിക്കുന്നില്ലെന്നും ഇഷ ഫൗണ്ടേഷൻ കോടതിയെ അറിയിച്ചു.