09 January, 2024 04:47:09 PM


രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും മെഡിക്കൽ പരിശോധന



തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും മെഡിക്കൽ പരിശോധന. രാഹുലിന് വിശദമായ മെഡിക്കൽ പരിശോധന നടത്താൻ കോടതി നിർദേശിച്ചു. എവടെ വെച്ച് മെഡിക്കൽ പരിശോധന നടത്തണമെന്ന്   കോടതി നിർദ്ദേശിക്കും. 

ജാമ്യം നൽകുന്നതിൽ മെഡിക്കൽ പരിശോധന നിർണായകമാണ്. രാവിലത്തെ മെഡിക്കൽ അനുസരിച്ച് രാഹുൽ മെഡിക്കൽ ഫിറ്റ് ആണെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.  പുലർച്ചെ അടൂരിലെ വീട്ടിലെത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. 

പ്രതിപക്ഷ സമരങ്ങളോടും നേതാക്കളോടും പിന്തുടരുന്ന പതിവ് രീതിയിൽ നിന്ന് മാറി അതിരാവിലെ പൊലീസ് സംഘം യൂത്ത് കോൺഗ്രസ് അധ്യക്ഷന്റെ അടൂരിലെ വീട്ടിലെത്തി. പ്രദേശിക പ്രവർത്തകർ പൊലീസിനെ ചെറുക്കാൻ ശ്രമിച്ചു. തടസങ്ങൾ  മാറ്റി അതിവേഗം പൊലീസ് തലസ്ഥാനത്തേക്ക് കുതിച്ചു. സ്റ്റേഷനിലെത്തിച്ചപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കുണ്ടായി. 

സെക്രട്ടേറിയറ്റിന് മുന്നിൽ സമരവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. സംഭവത്തില്‍ നാലാം പ്രതിയായ യൂത്ത് കോൺഗ്രസ് അധ്യക്ഷനെതിരായ പൊലീസ് നടപടി.അനുമതിയില്ലാത്ത സമരം , പൊതുമുതൽ  നശിപ്പിക്കൽ, കൃത്യനിർവ്വഹണത്തിൽ തടസം വരുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്. 

നവകേരള സദസ്സിനെതിരായ സമരങ്ങളെ പൊലീസും മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ചേർന്ന് അടിച്ചൊതുക്കുന്നതിൽ പ്രതിഷേധിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടന്നത്. ഡിസംബർ 20 ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ നേതാവാണ് ഒന്നാം പ്രതി. എംഎൽഎമാരായ ഷാഫി പറമ്പിലും എം വിൻസന്റും രണ്ടും മൂന്നും പ്രതികളുമാണ്. 

 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K