27 November, 2024 10:01:48 AM


നവജാത ശിശുവിന് അസാധാരണ വൈകല്യങ്ങള്‍; ഡോക്ടര്‍ക്കെതിരെ പരാതി നല്‍കി കുടുംബം



ആലപ്പുഴ: നവജാത ശിശുവിന് അസാധാരണമായ വൈകല്യങ്ങള്‍ കണ്ട സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പരാതി. ഗര്‍ഭകാലത്ത് പലതവണ സ്‌കാന്‍ചെയ്തിട്ടും വൈകല്യം സംബന്ധിച്ച സൂചന ഡോക്ടര്‍മാര്‍ നല്‍കിയില്ലെന്ന് കുഞ്ഞിന്റെ അമ്മയുടെ പരാതി. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിക്കെതിരെയാണ് പരാതി.

മുഖം സാധാരണ രൂപത്തിലല്ല. വായ തുറക്കില്ല, കണ്ണ് യഥാസ്ഥാനത്തല്ല, തുറക്കുന്നുമില്ല. ഹൃദയത്തിനു ദ്വാരം. ജനനേന്ദ്രിയം ഉണ്ടെങ്കിലും കാര്യമായ വൈകല്യം. കൈയും കാലും വളഞ്ഞാണ്. ചെവി കൃത്യസ്ഥാനത്തല്ല. മലര്‍ത്തിക്കിടത്തിയാല്‍ നാക്ക് ഉള്ളിലേക്കു പോകും എന്നിങ്ങനെ അസാധാരണമായ വൈകല്യങ്ങളാണ് കുട്ടിയല്‍ കണ്ടത്. ഇക്കാര്യം ചൂണ്ടികാട്ടി കുഞ്ഞിന്റെ അമ്മയായ ലജനത്ത് വാര്‍ഡ് നവറോജി പുരയിടത്തില്‍ സുറുമി (34) മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്.

പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുടെ അമ്മയാണ് സുറുമി. മൂന്നാമത് ഗര്‍ഭിണിയായതു മുതല്‍ കടപ്പുറം ആശുപത്രിയിലെ രണ്ട് സീനിയര്‍ ഡോക്ടര്‍മാരുടെ ചികിത്സയിലായിരുന്നു. ഇവരുടെ നിര്‍ദേശപ്രകാരം ഗര്‍ഭസ്ഥശിശുവിന്റെ ചലനവും ശാരീരികാവസ്ഥയും അറിയാന്‍ സ്‌കാനിങ് നടത്തി. ഡോക്ടര്‍മാര്‍ പറഞ്ഞ രണ്ടു സ്വകാര്യ ലാബുകളിലായിരുന്നു സ്‌കാനിങ്. മറ്റു പരിശോധനകളും നടത്തി. എല്ലാ നിര്‍ദേശങ്ങളും പാലിക്കുകയും മരുന്നുകള്‍ കൃത്യമായി കഴിക്കുകയും ചെയ്തു. നവംബര്‍ രണ്ടിനു ശസ്ത്രക്രിയ ചെയ്യാമെന്നും അനസ്‌തേഷ്യ ഡോക്ടറെ കാണണമെന്നും പറഞ്ഞത് തലേന്ന്. രണ്ടിനു ആശുപത്രിയില്‍ നടന്ന പരിശോധനയെ തുടര്‍ന്ന് ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു.

തുടര്‍ന്ന് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരാണ് ഗര്‍ഭസ്ഥശിശുവിനു വൈകല്യങ്ങളുണ്ടെന്ന് അറിയിച്ചത്. ജീവനോടെ കിട്ടാന്‍ സാധ്യത കുറവാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എട്ടിനു ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തപ്പോഴാണ് അസാധാരണ വൈകല്യങ്ങള്‍ വ്യക്തമായത്. സംഭവത്തില്‍ ആരോഗ്യമന്ത്രി, ഡിഎംഒ, എസ്പി. എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K