27 November, 2024 01:00:49 PM
നഴ്‌സിന്‍റെ വേഷത്തിലെത്തി നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി, 24 മണിക്കൂറിനുള്ളില്‍ കണ്ടെത്തി പോലീസ്
ബംഗളൂരു: നഴ്‌സിന്റെ വേഷത്തില്‍ ആശുപത്രിയിലെത്തിയ സ്ത്രീകള്‍ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലാണ് സംഭവം. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ പൊലിസ് വീണ്ടെടുത്തു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാന്‍ നിര്‍ണായകമായത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ മൂന്ന് സ്ത്രീകളെ പൊലിസ് അറസ്റ്റ് ചെയ്തു. ഇവര്‍ മനുഷ്യക്കടത്ത് മാഫിയയുടെ ഭാഗമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
26കാരിയായ ചിത്താപ്പുര്‍ സ്വദേശി കസ്തൂരി തിങ്കളാഴ്ചയാണ് കല്‍ബുര്‍ഗി ജില്ലാ ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഉച്ചയോടെ തട്ടിപ്പുസംഘം നഴ്‌സിന്റെ വേഷത്തില്‍ അമ്മയ്ക്ക് സമീപത്ത് എത്തുകയും രക്തപരിശോധനയ്‌ക്കെന്ന വ്യാജേനെ നവജാതശിശുവിനെ ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തില്‍ യാതൊരു സംശയവും തോന്നാതിരുന്ന കുടുംബം കുഞ്ഞിനെ കൈമാറി.
ഏറെനേരം കഴിഞ്ഞിട്ടും കുട്ടിയെ തിരികെ കിട്ടാതിരുന്നതോടെ കുടുംബം ഡോക്ടറെ വിവരം അറിയിച്ചു. എന്നാല്‍ ആശുപത്രിയിലെ ഒരു നഴ്‌സും കുട്ടിയെ എടുത്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധഘിച്ചപ്പോള്‍ രണ്ട് സ്ത്രീകള്‍ നഴ്‌സ് വേഷത്തില്‍ ആശുപത്രിയലെത്തിയത് കണ്ടെത്തി. ഒപ്പം സഹായിക്കാനായി മറ്റൊരു സത്രീയെയും കണ്ടെത്തി. തുടര്‍ന്ന്് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.
പരാതി ലഭിച്ച ഉടന്‍ തന്നെ പൊലീസ് അന്വേഷണത്തിനായി നാല് സംഘങ്ങള്‍ രൂപികരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തിലാണ് പ്രതികളെ കണ്ടെത്താനായത്. ഇവര്‍ മനുഷ്യക്കടത്ത് സംഘത്തിന്റെ ഭാഗമാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞ് ആരോഗ്യമന്ത്രി ആശുപത്രിയിലെത്തിയിരുന്നു. കുഞ്ഞിനെ സുരക്ഷിതമായി തിരികെയെത്തിക്കുമെന്ന് അമ്മ കസ്തൂരിക്ക് മന്ത്ര ശരണ്‍ പ്രകാശ് പാട്ടില്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. കുട്ടിയെ 24 മണിക്കൂറിനകം കണ്ടെത്തിയ പൊലീസിന്റെ അന്വേഷണമികവിനെ സോഷ്യല്‍മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.