28 November, 2024 09:46:59 AM
നവജാത ശിശുവിന് ഗുരുതര വൈകല്യം; 4 ഡോക്ടർമാർക്കെതിരെ കേസെടുത്ത് പൊലീസ്
ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല്യമുണ്ടായ സംഭവത്തില്‍ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് കേസെടുത്തത്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ലജനത്ത് വാർടിൽ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞിനാണ് വൈകല്യം. ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്. ഗര്‍ഭകാലത്ത് പലതവണ നടത്തിയെങ്കില്‍ സ്കാനിംഗിൽ ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി.
സ്വകാര്യ ലാബിൽ പരിശോധന നടത്തിയത് ഡോക്ടർ ഇല്ലാതെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഡോക്ടറുടെ ഒപ്പും സീലും നൽകി. പൊലീസ് രഹസ്യ അന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിലാണ് സ്വകാര്യ ലാബിലെ ഡോക്ടർ ഇല്ലാതെയുള്ള പരിശോധന കണ്ടെത്തിയത്.