29 November, 2024 05:58:11 PM
ഗർഭിണിയായ പ്ലസ്ടു വിദ്യാർഥിനിയുടെ മരണം: സഹപാഠി അറസ്റ്റിൽ
പത്തനംതിട്ട: പനി ബാധിച്ച് മരിച്ച 17കാരി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയ സംഭവത്തില്‍ സഹപാഠി പിടിയില്‍. പോസ്റ്റുമോര്‍ട്ടത്തിലാണ് കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. മാതാപിതാക്കളോട് മാപ്പപേക്ഷിച്ച് കുട്ടി എഴുതിയ കത്തും പൊലീസ് കണ്ടെടുത്തിരുന്നു. ആലപ്പുഴ നൂറാനാട് സ്വദേശിയാണ് പിടിയിലായത്.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു പതിനേഴുകാരിയുടെ മരണം. ഇക്കഴിഞ്ഞ 22-ാം തീയതിയാണ് പെണ്‍കുട്ടി പനി ബാധിച്ച് പത്തനംതിട്ടയിലെ ഒരു ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. രക്ത പരിശോധനയില്‍ പെണ്‍കുട്ടിക്ക് അണുബാധ കണ്ടെത്തി. തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കോ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കോ പെണ്‍കുട്ടിയെ എത്തിക്കണമെന്ന് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ആലപ്പുഴയില്‍ ബന്ധു വീടുകള്‍ ഉണ്ടെന്നും മറ്റും പറഞ്ഞ് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു മരണം.
കടുത്ത അണുബാധയെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ചു എന്നായിരുന്നു പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയ ഡോക്ടര്‍മാര്‍ പൊലീസില്‍ വിവരം അറിയിക്കുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായി. പെണ്‍കുട്ടി അമിത അളവില്‍ മരുന്ന് കഴിച്ചിരുന്നുവെന്നും അതുകൊണ്ടാകാം അണുബാധയുണ്ടായതെന്നും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ഗര്‍ഭിണിയാണെന്ന വിവരം മറ്റാരും അറിയാതിരിക്കാന്‍ പെണ്‍കുട്ടി അമിത അളവില്‍ ഗുളിക കഴിച്ചതാകാം എന്ന സംശയവും ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തോട് സൂചിപ്പിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. കുട്ടിയുടെ ബാഗില്‍ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. അച്ഛനും അമ്മയും ക്ഷണിക്കണം എന്നായിരുന്നു കുറിപ്പിലെ വരികള്‍. തന്നെ അധ്യാപികയായി കാണണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. അത് സാധിക്കാതെ പോവുകയാണെന്നും കുട്ടി കുറിച്ചിരുന്നു. കുറിപ്പില്‍ തീയതി രേഖപ്പെടുത്താതിരുന്നതിനാല്‍ ആത്മഹത്യ കുറിപ്പാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഇതിനിടെ പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് സംശയിച്ചിരുന്ന സഹപാഠിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് സഹപാഠി സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെ ആണ്‍കുട്ടിയുടെ രക്തസാമ്പിളും ഡിഎന്‍എ പരിശോധനയുടെ ഭാഗമായി പൊലീസ് ശേഖരിച്ചിരുന്നു. പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയായിരുന്നു പൊലീസ് കേസെടുത്തത്.