02 December, 2024 09:35:44 AM
തിരുവണ്ണാമലൈയില്‍ ഉരുള്‍പ്പൊട്ടല്‍; ഒരു കുടുംബത്തിലെ 7 പേര്‍ മണ്ണിനടിയില്‍, തിരച്ചില്‍
ചെന്നൈ: തമിഴ്നാട്ടില്‍ തിരുവണ്ണാമലൈയില്‍ ഉരുള്‍പ്പൊട്ടലില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം. അഞ്ച് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേരാണ് വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. കനത്തത്ത മഴയ്ക്ക് പിന്നാലെ ഇന്നലെ വൈകീട്ടാണ് ഉരുള്‍പ്പൊട്ടലുണ്ടായത്.
രാജ്കുമാര്‍, ഭാര്യ മീന, അവരുടെ രണ്ട് കുട്ടികള്‍, ഭാര്യാസഹോദരന്റെ മൂന്ന് കുട്ടികള്‍ എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. 300-ലധികം വീടുകളുള്ള വിഒസി നഗര്‍ പതിനൊന്നാം സ്ട്രീറ്റിലാണ് ഇവരുടെ വീട്. മണ്ണിടിച്ചിലില്‍ രാജ്കുമാറിന്റേതുള്‍പ്പെടെ രണ്ട് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
പാറക്കഷ്ണങ്ങളും മണ്ണും വീടുകള്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ജില്ലാ കലക്ടരും പൊലീസ് മേധാവിയും സ്ഥലം സന്ദര്‍ശിച്ചു. അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. രാത്രി രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് വിഒസി നഗറിലെ 500 ഓളം താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
അതേസമയം ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള മഴക്കെടുതിയില്‍ മരണം ഒന്‍പതായി. പുതുച്ചേരിയില്‍ നാലുപേരും തിരുവണ്ണാമലൈയില്‍ മൂന്നുപേരും വെല്ലൂര്‍, ചെന്നൈ ജില്ലകളില്‍ ഒന്ന് വീതം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.